നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി ആദരവോടെ അംഗീകരിക്കുന്നു. അപ്രതീക്ഷിത വിധിയാണ് ഇത്. തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങള്‍ യു.ഡി.എഫ് യോഗം കൂടി വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകും. എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് ചര്‍ച്ചകളിലൂടെ തീരുമാനിക്കും.
ഇടതു സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും യു.ഡി.എഫ് തുറന്നു കാട്ടിയിരുന്നു. ഈ വിജയത്തോടെ അതെല്ലാം ഇല്ലാതായതായി ആരും കരുതണ്ട. ഞങ്ങള്‍ ഉന്നയിച്ചവയെല്ലാം വസ്തുതകളായിരുന്നു. ആ അഴിമതികള്‍ സര്‍ക്കാരിന് തിരുത്തേണ്ടി വന്നിട്ടുമുണ്ട്. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുക എന്നത് പ്രതിപക്ഷ ധര്‍മ്മമാണ്. ആ ധര്‍മ്മം ഭംഗിയായി യു.ഡി.എഫ് നിറവേറ്റിയിട്ടുണ്ട്.
ജനാധിപത്യത്തില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍ ഇടതു മുന്നണി പ്രവര്‍ത്തനം അവസാനിപ്പിച്ച് പോയിട്ടില്ലല്ലോ? പരാജയമുണ്ടാവുമ്പോള്‍ അതിന്റെ കാരണങ്ങല്‍ കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോവുകയാണ് ജനാധിപത്യത്തില്‍ കരണീയമായിട്ടുള്ളത്. അത് നിറവേറ്റും. . കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം കോണ്‍ഗ്രസാണ്. നിരവധി പരാജയങ്ങളും വിജയങ്ങളും കണ്ടിട്ടുള്ള പാര്‍ട്ടിയാണ്. ഇപ്പോഴത്തെ പരാജയം കൊണ്ടൊന്നും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തകര്‍ക്കാമെന്നെന്നൊന്നും ആരും കരുതണ്ട. ഇത് താത്ക്കാലിക തിരിച്ചടി മാത്രമാണ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം.