സാന്‍ ഫ്രാന്‍സിസ്‌കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുര്‍ബാന നല്‍കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മെയ് ഒന്നാം തീയതി വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ആവശ്യമായ യോഗ്യത എന്താണെന്ന് വിശദീകരിച്ചുകൊണ്ട് സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് ഇടയലേഖനം ഇറക്കിയത്.
ബൈഡന് വിശുദ്ധകുര്‍ബാന നല്‍കുന്നതിനെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അടങ്ങിയ ലേഖനം അടുത്തിടെ അസോസിയേറ്റഡ് പ്രസും, വാഷിംഗ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക രാഷ്ട്രീയ നേതാക്കള്‍ക്ക് സഭാപ്രബോധനങ്ങള്‍ വ്യക്തമായി വിശദീകരിച്ച് നല്‍കുന്ന ഒരു ഭാഗം തന്നെ ഇടയലേഖനത്തിലുണ്ട്. ഭ്രൂണഹത്യ പോലുള്ള പാപങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ല എന്നത് ആദ്യകാലം മുതലേ സഭയില്‍ മാറ്റമില്ലാത്ത പഠനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“സഭയുടെ പഠനം വ്യക്തമാണ്: ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലാന്‍ സഹായിക്കുന്നവരോ, കൊല ചെയ്യുന്നവരോ, ഭ്രൂണഹത്യ നടത്താന്‍ അമ്മയെ പ്രേരിപ്പിക്കുന്നവരോ, അതിന് പണം നല്‍കുന്നവരോ, ഭ്രൂണഹത്യ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരോ, ഭ്രൂണഹത്യ നിയമവിധേയമാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്യുന്നവരോ ആയ ആളുകള്‍ വലിയ ഒരു തിന്മ ചെയ്യാന്‍ പിന്തുണ നല്‍കുന്നവരാണ്. “തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു”എന്ന 1 കോറിന്തോസ് 11 : 27ല്‍ നിന്നുള്ള ബൈബിള്‍ വചനം ആര്‍ച്ച് ബിഷപ്പ് തന്റെ ഇടയലേഖനത്തില്‍ ഉദ്ധരിച്ചു.
ജോയിച്ചൻപുതുക്കുളം