ന്യൂയോര്‍ക്ക്: ഇന്ത്യയില്‍നിന്ന് യു.എസിലെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ കണ്ടെത്തിയ ചാണകവറളി ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചു. വാഷിങ്ടണിലെ ഒരു വിമാനത്താവളത്തിലാണ് യു.എസ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചാണകവറളികള്‍ പിടികൂടി നശിപ്പിച്ചത്.
ഏപ്രില്‍ നാലിന് യു.എസിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ ബാഗേജില്‍നിന്നാണ് രണ്ട് ചാണകവറളി കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ചാണകവറളി കൊണ്ടുവരുന്നതിന് യു.എസില്‍ നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുളമ്പ് രോഗം പകരാന്‍ ചാണകം കാരണമാകുമെന്നതിനാലാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത് മറികടന്നാണ് യാത്രക്കാരന്‍ ചാണകവറളിയുമായി ഇന്ത്യയില്‍നിന്ന് യു.എസിലെത്തിയത്.
കുളമ്പ് രോഗം കന്നുകാലി കര്‍ഷകരെ ഏറെ ഭീതിയിലാഴ്ത്തുന്ന അസുഖമാണെന്നും ഇത് ഭീഷണിയാണെന്നും സാമ്പത്തിക പ്രത്യാഘാതത്തിന് വരെ കാരണമാകുമെന്നുമാണ് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സി.ബി.പി.) ആക്ടിങ് ഡയറക്ടര്‍ കെയ്ത് ഫ്‌ളെമിങ് പറയുന്നത്. ലോകത്തിന്റെ ചിലഭാഗങ്ങളില്‍ ചാണകം വളമായും ചര്‍മസംരക്ഷണത്തിനും അടക്കം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും കുളമ്പ് രോഗം പ്രതിരോധിക്കാനായി ഇന്ത്യയില്‍നിന്നടക്കം ചാണകം കൊണ്ടുവരുന്നത് തങ്ങള്‍ നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1929 മുതല്‍ യു.എസില്‍ കുളമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ അവകാശവാദം. അതിനാല്‍തന്നെ കുളമ്പ് രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാമാര്‍ഗങ്ങളും യു.എസ്. അധികൃതര്‍ ശക്തമായി പിന്തുടരുകയും ചെയ്യുന്നുണ്ട്.
ജോയിച്ചൻപുതുക്കുളം