ഇത് കാലഘട്ടത്തിന്റെ അനിവാര്യത. ഇനിയും പ്രതീക്ഷ സതീശനിൽ !

by admin

വ്യക്തമായ നിലപാടുകളുള്ള നേതാവ്. അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമ്പോഴും സ്വന്തം നിലപാടുകളില്‍ ലവലേശം വെള്ളം ചേര്‍ത്തിട്ടില്ല. രാഷ്ട്രീയത്തിലും പരിസ്ഥിതിയിലുമൊക്കെ നടത്തിയ ഇടപെടലുകളാണ് പറവൂര്‍ എം.എല്‍.എയെ കോണ്‍ഗ്രസിന്റെ വ്യത്യസ്തമുഖമാക്കിയത്. അതൊക്കെ തന്നെയാകാം കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങേകാന്‍ വി. ഡി. സതീശന് നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചമാണ് വി.ഡി. സതീശന്റെ കടന്നു വരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ പകരുന്നത്. അതിനൊപ്പം തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചനകളും.

കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ സമൂഹത്തിലെന്നപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അത്യാവശ്യമാണ്. അരാഷ്ട്രീയവത്ക്കരണത്തിന്റെ പുതുകാലത്ത് തലമുറമാറ്റത്തിനും പ്രസക്തി ഏറെയാണ്. പുതുതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നതിന് യുവാക്കളുടെ സാന്നിധ്യവും നേതൃപാടവവും ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. ഒരുമുഴം മുന്‍പേ സി.പി.എം ഏറിഞ്ഞതും അതുകൊണ്ടുതന്നെ. മന്ത്രിസഭയിലടക്കം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് പകരുന്ന സന്ദേശങ്ങള്‍ വളരെ വലുതാണെന്ന് വിമര്‍ശിക്കുന്നവര്‍ക്കുപോലും അറിയാം. അവസരങ്ങളുടെ പുതുലോകമാണ് ഇതെന്ന് വാചാലാരാകുന്നവരാണ് നാം. രാഷ്ട്രീയത്തിലും ഇത് ബാധകമാണെന്ന് ചിലപ്പോഴെങ്കിലും ചിലര്‍ മറന്നു പോകുന്നുവെന്നു മാത്രം.

കേരളരാഷ്ട്രീയത്തിലെ തന്നെ അതികായരാണ് എ. കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ. ഒരു തലമുറയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതില്‍ അവര്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വളരെ വലുതാണ്. കെ. കരുണാകന്‍ ശക്തനായി നില്‍ക്കുന്നകാലത്തു തന്നെ ഇങ്ങനെയൊരു തലമുറയും ഇവിടെ വളര്‍ന്നു വന്നു. മുതിര്‍ന്ന നേതാക്കള്‍ അവര്‍ക്കായി പുതുവേദികള്‍ തുറന്നു നല്‍കി. കോണ്‍ഗ്രസില്‍ അങ്ങനെയൊരു തലമുറമാറ്റത്തിന് ഇന്ന് ഇത്തിരി വൈകി എന്നു മാത്രം. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം  മുൻ ഒരുക്കങ്ങൾ നടത്തി സംഘടനാ തലത്തിലും ഇത് പിന്തുടരുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചിലപ്പോള്‍ വലിയ അത്ഭുതങ്ങള്‍ യു.ഡി.എഫിലും സംഭവിക്കുമായിരുന്നു.

രാഷ്ട്ട്രീയബോധമുള്ള ഒരു തലമുറയാണ് ഇന്നു വളര്‍ന്നു വരുന്നത്. അവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ പൊതുയിടങ്ങള്‍പോലും അവര്‍ക്കുണ്ട്. അങ്ങനെ ഒരു തലമുറയെ നേരിടാനും പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാക്കാനും കഴിയുക യുവാക്കള്‍ക്കു തന്നെയാണ്. കോണ്‍ഗ്രസിനെ അടിമുടി ശുദ്ധീകരിക്കുമ്പോള്‍ അവിടെ യുവാക്കളുടെ സാന്നിധ്യം പ്രസക്തമാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ കടന്നു വരവുപോലും തലമുറമാറ്റംകൂടി ലക്ഷ്യംവച്ചുകൊണ്ടായിരുന്നല്ലോ.

കോണ്‍ഗ്രസിലെ മാറ്റങ്ങളെ ശുഭകരമായി കാണാം എന്നു തോന്നുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി വി.ഡി. സതീശന്‍ വരുന്നു. പതിവുരീതികളെ ഉപേക്ഷിച്ച് ഗ്രൂപ്പ്താല്‍പര്യങ്ങളെ മാനിക്കാന്‍ കേന്ദ്രനേതൃത്വം തയാറാകാതെപോയതും ചില തിരിച്ചടികളും അനുഭവങ്ങളും ഉള്‍കൊണ്ടാകാം. ഏതെങ്കിലുംതരത്തില്‍ അസ്വസ്ഥരായവരെ നയപരമായ ഇടപെടലിലൂടെ മൃദുത്വപ്പെടുത്താനും കൂട്ടായ്മയുടെ ഭാഗമാക്കാനും വി.ഡി.സതീശന്‍ തീര്‍ച്ചയായും ശ്രമിക്കും. ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നുള്ള രാഷ്ട്രീയം സതീശന് വശമില്ല. ഗ്യാലറിയില്‍ മാറി ഇരുന്ന് കളി കാണുന്ന ആസ്വാദകനെപോലെ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും നീക്കങ്ങള്‍ സതീശന്‍ മുന്‍കൂട്ടി കണ്ടേക്കാം. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞതും ഞാന്‍ അണിഞ്ഞിരിക്കുന്നത് പുഷ്പകിരീടമല്ലെന്ന വെളിപ്പെടുത്തലായിരുന്നു. ആ തിരിച്ചറിവോട് തന്നെ സതീശന്‍ നീങ്ങിയേക്കാം.
ഇതിന്റെ തുടർച്ച ഉടൻ സംഘടനയുടെ താഴെതലം മുതൽ ഇനിയും തുടങ്ങേണ്ടിയിരിക്കിന്നു .

മികച്ച വാഗ്മിയായതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ പിന്തുണയും ആദ്യഘട്ടത്തില്‍ തന്നെ സതീശന് ലഭിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവര്‍ത്തകരില്‍ അടക്കം സതീശന്റെ വരവ് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. പ്രസ്ഥാനത്തെ കൂടുതല്‍ ഉടച്ചുവാര്‍ക്കണമെന്ന അഭിപ്രായവുമായി കൂടുതല്‍ നേതാക്കള്‍ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. താഴേതട്ടില്‍ മുതലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പാര്‍ട്ടിയെയും മുന്നണിയെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ജെയിംസ് കൂടല്‍
പ്രസിഡന്റ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ടെക്സാസ്,യു എസ് എ

You may also like

Leave a Comment

You cannot copy content of this page