ഗൂഗിളിന് പിഴ 1950 കോടി രൂപ

by admin
ഗൂഗിളിന് 1950 കോടി രൂപ പിഴയിട്ട് ഫ്രാന്‍സ്. ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഡിജിറ്റല്‍ പരസ്യമേഖലയിലെ വിപണി മര്യാദകള്‍ ലംഘിച്ചതിനാണ് നടപടി. 26.8 കോടി ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്. 2019 ല്‍ നല്‍കിയ ഒരു കേസിന്റെ അന്തിമ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പ്, ഫ്രഞ്ച് പത്രമായ ഫിഗരോ , ബെല്‍ജിയന്‍ മാധ്യമസ്ഥാപനമായ റൊസല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതി. കേസില്‍ നിന്നും ഫിഗെരോ പിന്‍മാറിയിരുന്നു.
സ്വന്തമായുള്ള പരസ്യ ഫ്‌ളാറ്റ്‌ഫോമുകള്‍ക്ക് ഗൂഗിള്‍ ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നും ഇതുവഴി മറ്റു പരസ്യ ഫ്‌ളാറ്റ് ഫോമുകളുടേയും അവയുടെ പരസ്യം വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും നല്‍കുന്ന മാധ്യമസ്ഥാപനങ്ങളുടേയും സാധ്യത കുറഞ്ഞെന്നാണ് കണ്ടെത്തല്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ ഫ്‌ളാറ്റ്‌ഫോമുകള്‍ കമ്മീഷനില്‍ വിത്യാസം വരുത്തുന്നുണ്ടായിരുന്നുവെന്നും അതോറിറ്റി കണ്ടെത്തി.
ഉത്തരവനുസരിച്ച് പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം. 2019 ഡിസംബറില്‍ ഫ്രാന്‍സില്‍ 150 മില്ല്യണ്‍ യൂറോ ഗൂഗിള്‍ പിഴയൊടുക്കേണ്ടി വന്നിരുന്നു. സമാനമായ കേസിലായിരുന്നു സംഭവം. ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമവാര്‍ത്തകള്‍ സെര്‍ച്ച്, ന്യൂസ് ഫീഡുകള്‍ക്കൊപ്പം നല്‍കി വന്‍ വരുമാനമാണ് നേടുന്നത്.
ഇതു സംബന്ധിച്ച് പരസ്യവരുമാനം മാധ്യമങ്ങളുമായി പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഈ  വിഷയത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും പരാജയപ്പെടുകയും ഒസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി പരസ്യവരുമാനം പങ്കുവയ്ക്കാന്‍ സ്മ്മതിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇന്ത്യയിലും മാധ്യമങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.
ജോബിന്‍സ് തോമസ്

You may also like

Leave a Comment

You cannot copy content of this page