വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു നിഥിന് കൈത്താങ്ങുമായി ഫോമാ ഹെല്പിങ് ഹാന്റ്. ഹെല്‍പ്പിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയ കാംഷികള്‍ നല്‍കിയ സംഭാവനകള്‍ നിഥിന് കൈമാറി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സാധാരണ കുടുംബത്തില്‍ പെട്ട നിഥിന്റെ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കാവാശ്യമായ ധനം കണ്ടെത്തുക എന്നത് കുടുംബത്തിന് വളരെ ക്ലേശകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ് സഹായ ഹസ്തം നീട്ടിയത്.
സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നല്‍കിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്. നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് https://fomaahelpinghands.org എന്ന വെബ്‌സൈറ്റിലൂടെ സംഭാവനയായി നല്‍കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ , വിദ്യാഭ്യാസആരോഗ്യചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ് ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.
ഫോമ നിര്‍വ്വാഹക സമിതിയും, ദേശീയ സമിതി അംഗങ്ങളും, ഫോമാ ഹെല്പിങ് ഹാന്റിന്റെ സന്നദ്ധ സേവകരും, അംഗങ്ങളും, മേഖല കോര്‍ഡിനേറ്റേഴ്‌സും, റീജിയണല്‍ വൈസ്പ്രസിഡന്റുമാരും, ആത്മാര്ഥതയോടെ കൈകോര്‍ത്തതിന്റെ ഫലമായാണ് നിഥിനെ സഹായിക്കാന്‍ ഹെല്പിങ് ഹാന്റിനു കഴിഞ്ഞത്. സഹായിക്കാനും, സംഭാവന നല്‍കാനും തയ്യാറായ എല്ലാ നല്ല മനസ്കരായവര്‍ക്കും , ഫോമയുടെ അഭ്യുദയകാംഷികള്‍ക്കും ഫോമാ എക്‌സിക്യൂട്ടീവ് സമിതിയും, ഹെല്പിങ് ഹാന്റിന്റെ ഭാരവാഹികളും നന്ദി അറിയിച്ചു.
ജോയിച്ചൻപുതുക്കുളം