പരിശുദ്ധാത്മാ ഫലങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി മാറണം : റവ.ഡോ. ജയിംസ് ജേക്കബ്

by admin

റോഡ്‌ഐലന്റ്: ക്രിസ്തീയ ജീവിതത്തിന്റെ ധന്യത പൂര്‍ണമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി രൂപാന്തരപ്പെടുമ്പോഴാണെന്ന് ആല്‍ബനി ഡയോസിസിലെ വിവിധ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റോഡ്‌ഐലന്റ് യൂണിവേഴ്‌സിറ്റി രസതന്ത്ര വിഭാഗം പ്രൊഫസര്‍ റവ.ഡോ. ജയിംസ് എന്‍ ജേക്കബ് ഉദ്‌ബോധിപ്പിച്ചു.

ജൂണ്‍ എട്ടിനു ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനിന്റെ 369-മത് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ജയിംസ്.

ഇസ്രായേല്‍ ജനം നിരാശയില്‍ കഴിഞ്ഞിരുന്നപ്പോള്‍ യെഹസ്‌തേല്‍ പ്രവാചകനിലൂടെ അവരെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവ് ഏതു സമയത്തും ഏതു സാഹചര്യത്തിലും നമ്മെ ധൈര്യപ്പെടുത്തുകയും, നമ്മില്‍ ക്രിയപ്പെടുത്തുകയും ചെയ്യുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. പരിശുദ്ധാത്മാ ഫലങ്ങള്‍ പുറപ്പെടുവിച്ച് സമൂഹത്തില്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ള അനേകര്‍ക്ക് നമ്മുടെ ജീവിതം മാതൃകയാക്കപ്പെടുകയും, അനുഗ്രഹത്തിന് മുഖാന്തിരമാക്കുകയും ചെയ്യുമെന്ന് അച്ചന്‍ പറഞ്ഞു.

ടെന്നസിയില്‍ നിന്നുള്ള അലക്‌സ് തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ഈമാസം വിവാഹവാര്‍ഷികം കൊണ്ടാടുന്ന ടി.എ. മാത്യു – വത്സമ്മ, ഷാജു രാമപുരം- ബിജി രാമപുരം എന്നിവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഐ.പി.എല്‍ പ്രെയര്‍ മീറ്റിംഗ് അനുഗ്രഹകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നതും, വിവിധ രാജ്യങ്ങളില്‍ നിന്നും സഭാവ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവെന്നതും ദൈവീക നടത്തിപ്പായി കാണുന്നുവെന്നും സി.വി, സാമുവേല്‍ പറഞ്ഞു. ഹൂസ്റ്റണില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍ ടി.എ മാത്യു നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഡാളസില്‍ നിന്നുള്ള കെ.എസ് മാത്യു നേതൃത്വം നല്‍കി.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page