ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ജോണ്‍ മാത്യുവുമായി സംസാരിക്കവെ, അദ്ദേഹം പറഞ്ഞു: ‘കേരളാ റെറ്റേഴ്‌സ് ഫോറ (KWF) ത്തിന്റെ പ്രതിമാസ ലിറ്റററി മീറ്റിങ്ങ് ഈ ഏപ്രില്‍ 25നാണ്, താങ്കള്‍ പങ്കെടുക്കുമല്ലോ?’
മുന്‍കൂട്ടി പറഞ്ഞതുപോലെ ഞായറാഴ്ച 4 മണിക്ക് വീഡിയൊ കോണ്‍ഫ്‌റന്‍സ് ലിങ്കില്‍ പാസ്‌വേഡില്ലാതെ എളുപ്പം പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ അതിന്റെ ഭാരവാഹികള്‍ക്കു മനസാ നന്ദി പറഞ്ഞു. ജോണ്‍ തൊമ്മന്‍, ജോണ്‍ കുന്തറ കഥകളും ഇശോ ജേക്കബ് ലേഖനവും അവതരിപ്പിച്ചു. 6:30നു സാഹിത്യസദസ്സ് സമാപിച്ചു. പക്വമതികളായ പ്രതിഭാധനരുടെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു സംഗമവേദിയായി (KWF) അനുഭവപ്പെട്ടു.
മീറ്റിങ്ങിന്റെ അന്ത്യത്തില്‍ ജോണ്‍ മാത്യു പറഞ്ഞു: ‘അടുത്ത സാഹിത്യ കോണ്‍ഫ്‌റന്‍സില്‍ താങ്കള്‍ ഒരു കവിത ആലപിക്കാമോ?’ ‘ബെട്‌സി’ എന്ന കവിത ആലപിക്കാമെന്ന് സമ്മതിച്ചു. ‘എങ്കില്‍ അതിന്റെ ഒരു കോപ്പി എല്ലാവര്‍ക്കും വ്യാഖ്യാനിക്കാനും വിമര്‍ശിക്കാനും അയച്ചു തരൂ.’
തീരുമാനിച്ചതു പോലെ മേയ് 23നു കോണ്‍ഫറന്‍സില്‍ പ്രവേശിച്ചു. ആദ്യമായി മാര്‍ ക്രിസോസ്റ്റം തിരുമേനി, കെ.ആര്‍. ഗൗരി അമ്മ, ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നീ പരേതര്‍ക്കു പ്രസിഡണ്ട് അനുശോചനം അര്‍പ്പിച്ചു. സെക്രട്ടറിയും അംഗങ്ങളും അന്നേരം(ഗണഎ)യെ വിലയിരുത്തി സംസാരിച്ചു.
കഴിഞ്ഞ മീറ്റിങ്ങില്‍ സജീവമായി പങ്കെടുത്ത ഒരുവിധം എല്ലാവരും ഇപ്രാവശ്യവും സന്നിഹിതരായിരുന്നു: എ.സി. ജോര്‍ജ്ജ്, ട്രഷറര്‍ മാത്യു മത്തായ്, പ്രസിഡണ്ട് ഡോ. മാത്യു വൈരമണ്‍, സെക്രട്ടറി ജോസഫ് പൊന്നോലി, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, ഈശോ ജേക്കബ്, ജോണ്‍ തൊമ്മന്‍, ജോണ്‍ കുന്തറ, ഡോ. ജോണ്‍ വര്‍ഗ്ഗീസ് (ടൊറന്‍ന്റൊ), ആനി വര്‍ഗ്ഗീസ് (ടൊറന്‍ന്റൊ), തോമസ് വര്‍ഗ്ഗീസ്, ജോസഫ് തച്ചാറ, ജോസഫ് മണ്ഡപം, ഷാജി പാംസ് ആര്‍ട്ട്, അബ്ദുള്‍ പുന്നയൂര്‍ക്കുളം.ജോസഫ് പൊന്നോലിയായിരുന്നു മോഡറേറ്റര്‍.
എ.സി.ജോര്‍ജ്ജ്, അകാലത്തില്‍ അന്തരിച്ച പ്രശസ്ത കവി അനില്‍ പനച്ചൂരാനെ പരിചയപ്പെടുത്തി. വേദിയില്‍ പലര്‍ക്കും അപരിചിതനായ വിപ്ലവ കവിയെ പരിചയപ്പെടുത്തിയതില്‍ സദസ്സ് എ.സി.യെ അഭിനന്ദിച്ചു.
ജോണ്‍ കുന്തറ കഥ അവതരിപ്പിച്ചു: മാനുഷികബന്ധം അകന്നകന്നു പോകുന്ന ഈ കാലഘട്ടത്തില്‍ ആത്മസൗഹൃദം കൂട്ടിയിണക്കാന്‍ യത്‌നിക്കുന്ന കഥാകൃത്തിന്റെ രചനാ വൈഭവത്തെ സദസ്സ് പ്രശംസിച്ചു.
അടുത്തതായി ‘ബെട്‌സി’ എന്ന കവിത പാരായണം ചെയ്തു. കവിത ദ്യോതിപ്പിക്കുന്നത് ഇണകള്‍ വൃദ്ധരോ, വിരൂപരോ ആണെങ്കിലും ആത്മബന്ധം പരമപ്രധാനമായൊരു ഉപാസനയാണ് എന്നാണ്. ശ്രോതാക്കള്‍ കവിതയെ വിമര്‍ശിക്കുകയും ആസ്വദിക്കയും കവിയെ അനുമോദിക്കയും ചെയ്തു. വിമര്‍ശനത്തിന്റെ ഭാഗമായി: സ്ത്രീലിംഗത്തിനു മൗനിനി എന്ന പദത്തിനു പകരം മൗനി എന്നെഴുതിയാലും വ്യാകരണപരമായി അത് ഉചിതമാണെന്ന് തച്ചാറ ഓര്‍മ്മിപ്പിച്ചു.’
ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കൈരളി, മലയാളംപത്രം, മലയാളംപത്രിക, അശ്വമേധം (ഓണ്‍ലൈന്‍), ഹ്യൂസ്റ്റണില്‍ നിന്നുളള ആഴ്ചവട്ടം എന്നീ പത്രങ്ങള്‍, ഭാഷയേയും സാഹിത്യാഭിരുചിയേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന വേളയിലാണ് അവ ഒന്നടങ്കം നിലച്ചത്. അത് ഭാഷാസ്‌നേഹികളായ മലയാളികളെ പരുങ്ങലിലാക്കിയ സാഹചര്യത്തില്‍, കേരളാ എക്‌സ്പ്രസ്സ്, സംഗമം, ജനനി മാഗസിന്‍, ഇമലയാളി, മലയാളംഡെയ്‌ലിന്യുസ്, ജോയ്ച്ചന്‍ പുതുക്കുളം, സൂധീര്‍ പണിക്കവീട്ടിലിന്റെ പുസ്തകാവലോകനം എന്നിവ ഭാഷാസ്‌നേഹം നിലനിര്‍ത്തുന്നതിനും, ജെയ്ന്‍ മുണ്ടയ്ക്കലിന്റെ മാസാദ്യ (ശനിയാഴ്ച) സാഹിത്യസല്ലാപം, ഗണഎ ന്റെ വീഡിയോ കോണ്‍ഫ്‌റന്‍സ് , കോരസണ്‍ വര്‍ഗ്ഗീസിന്റെ (ടി.വി. ഇന്റര്‍വ്യു പരമ്പര) വാല്‍ക്കണ്ണാടി ഇവ എഴുത്തുകാരെ മുഖ്യധാരയിലേക്ക് ബന്ധിപ്പിക്കുന്നതിനും കൂട്ടായ്മക്കും പ്രചോദിപ്പിക്കുന്നു.
ജോയിച്ചൻപുതുക്കുളം