ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു.
ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന് ഗുസ്‌മാൻ സമര്‍പ്പിച്ചു. ഗുസ്‌മാന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ ട്രഷററായി ഒര്‍ലാന്റ് സലാസറിനേയും നിയമിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ നാഷ്ണല്‍ ഹിസ്പാനിക്ക് അസംബ്ലി വൈസ് ചെയര്‍ കൂടിയാണ് ഒര്‍ലാന്റൊ.
ടെക്‌സസ് സംസ്ഥാന സുപ്രീം കോര്‍ട്ടില്‍ 2009 മുതല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്നത്തെ ഗവര്‍ണറായിരുന്ന റിക്ക് പെറിയാണ് ടെക്‌സസ് സുപ്രീം കോടതിയില്‍ ആദ്യ ഹിസ്പാനിക്ക് വനിത ജഡ്ജിയായി ഗുസ്‌മാനെ നിയമിച്ചത്.
അറ്റോര്‍ണി ജനറല്‍ മത്സരത്തിനു വേണ്ടി ഒരാഴ്ച മുമ്പാണ് ഈവ ഗുസ്‌മാൻ സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവെച്ചത്. അടുത്ത വര്‍ഷം വരെ ജഡ്ജിയായി തുടരുന്നതിനുള്ള അവസരം ഉപേക്ഷിച്ചാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇവര്‍ തീരുമാനിച്ചത്.
നിലവിലുള്ള അറ്റോര്‍ണി ജനറലിനെതിരെ മത്സരിക്കുന്നതിന് ലാന്റ് കമ്മീഷ്ണറായ ജോര്‍ജ് പി. ബുഷും രംഗത്തുണ്ട്.
കെല്‍പാക്സ്റ്റനും, ജോര്‍ജ്ജ് ബുഷും തനിക്ക് ഇഷ്ടപ്പെട്ട വ്യക്തികളാണെന്ന് ട്രമ്പ് നേരത്തെ പറഞ്ഞിരുന്നു. ഗുസ്‌മാൻ കൂടി രംഗത്തെത്തിയതോടെ ഡൊണാള്‍ഡ് ട്രമ്പിന്റെ പിന്തുണ ആര്‍ക്ക് ലഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ലിമെറിറ്റ് നാമനിര്‍ദ്ദേശപത്രിക നല്‍കി കഴിഞ്ഞു.