കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്‌ലോറിഡാ ഗവര്‍ണര്‍

by admin

                     

തല്‍ഹാസി (ഫ്‌ലോറിഡ) : കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുന്നതിനു ഉത്തരവിറക്കിയതായി ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂണ്‍ 16 ബുധനാഴ്ച  അറിയിച്ചു. മാസ്‌ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും കേസ്സെടുത്തവര്‍ക്കാണ് ഫ്‌ലോറിഡാ ക്ലമന്‍സി ബോര്‍ഡിന്റെ അംഗീകാരത്തോടെ മാപ്പു നല്‍കുന്നത്. എന്നാല്‍ പാന്‍ഡമിക്കിന്റെ മറവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമാപ്പു നല്‍കല്‍ ഫ്‌ലോറിഡായിലെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.സംസ്ഥാനം പൂര്‍വ്വ സ്ഥിതിയിലേക്ക് അതിവേഗം മാറികൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഇത്തരക്കാരെയല്ലാ,  യഥാര്‍ത്ഥ കുറ്റവാളികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാര്‍ച്ചിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ടവരേയും പിഴ അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പാന്‍ഡമിക്കിന്റെ ഭീകര മുഖം ശരിക്കും ദര്‍ശിച്ച സംസ്ഥാനമാണ് ഫ്‌ലോറിഡാ. സംസ്ഥാനത്തു ഇതുവരെ 2352995 കോവിഡ് കേസ്സുകളും 37448 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2131508 പേര്‍ക്ക് രോഗമുക്തി നേടാനായി. ജൂണ്‍ 16ന് ലഭ്യമായ കണക്കുകളനുസരിച്ചു സംസ്ഥാനത്തെ പോപ്പുലേഷനില്‍ 11085890 (51.62) പേര്‍ക്ക് ഒരു ഡോസും, 9170862 (42.7%) പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞു.

                                 റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page