ഓസ്റ്റിന്‍: വേണ്ടത്ര പരിശീലനമോ, ലൈസെന്‍സോ, ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഹാന്‍ഡ്ഗണ്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ജൂണ്‍ 16 ബുധനാഴ്ച ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു.
ഹൗസ് ബില്‍ 1927 ന് വിധേയമായി ഫെഡറല്‍ നിരോധിത സ്ഥലങ്ങളിലോ, സംസ്ഥാന നിരോധിത സ്ഥലങ്ങളിലോ ഒഴികെ എവിടെയും തോക്ക് കൊണ്ടു നടക്കുന്നതിനുള്ള അനുമതിയാണ് ഇതോടെ ലോണ്‍ സ്റ്റാര്‍ സ്‌റ്റേറ്റ് പൗരന്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്.
തോക്ക് ആവശ്യമാണെന്ന് വാദിക്കുന്ന ഗണ്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ വന്‍ വിജയമാണിതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ തന്നെ സംസ്ഥാനത്തു ഗണ്‍ വയലന്‍സ് വര്‍ദ്ധിക്കാനെ പുതിയ ഉത്തരവ് ഉപകരിക്കൂ എന്ന് ബില്ലിനെ എതിര്‍ക്കുന്നവരും വാദിക്കുന്നു.
21 വയസ്സിനു മുകളിലുള്ള ആര്‍ക്കും തോക്ക് കൈവശം വക്കാം എന്നുള്ളത് ഭയാശങ്കകള്‍ വര്‍ദ്ധിക്കുന്നതായി പുതിയ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ടെക്‌സസ് സംസ്ഥാനത്തു ഭരണഘടന അനുവദിക്കുന്ന അവകാശമാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.
ടെക്‌സസ് സെനറ്റ് ഈ ബില്‍ പാസ്സാക്കുന്നതിന് നിരവധി ഭേദഗതികള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളും നിബന്ധനകള്‍ ഇല്ലാതെ ഹാന്‍ഡ് ഗണ്‍ കൈവശം വയ്ക്കാമെന്ന് വാദിക്കുകയായിരുന്നു.
പെര്‍മിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കാം എന്നതിനെ ഭൂരിപക്ഷം ടെക്‌സസ് വോട്ടര്‍മാരും എതിര്‍ക്കുന്നതായാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് നടത്തിയ സര്‍വേ ചൂണ്ടികാട്ടിയിരുന്നത്. മാസ് ഷൂട്ടിംഗ് വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ പുതിയ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നുള്ളതു പ്രവചനാതീതമാണ്.