ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു

by admin

Picture

ചണ്ഡീഗഡ്: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് അനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.

പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960 റോം ഒളിമ്പിക്‌സിലും 1964 ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.

1958ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page