കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

by admin

വാഷിംഗ്ടണ്‍ ഡി സി: അനധികൃത കുടിയേറ്റ അഭയാര്‍ത്ഥി പ്രശ്‌ന അതിര്‍ത്തി സുരക്ഷിതത്വ എന്നീ വിഷയങ്ങള്‍ പഠിച്ചു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ബൈഡന്‍ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമലഹരിസിനെ ആ ചുമതലയില്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. അമ്പത് യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബൈഡന് കത്തയച്ചു.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമലാ ഹാരിസ് തീര്‍ത്തും  പരാജയമാണെന്നും കഴിഞ്ഞ 85 ദിവസമായി തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഒന്നും തന്നെ നിര്‍വഹിക്കുന്നില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും അതിര്‍ത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോര്‍ഡര്‍ പെട്രോള്‍ ഏജന്റിനെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനു പോലും കമല ഹാരിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും യുഎസ് ഹൗസ് അംഗങ്ങള്‍ ആരോപിച്ചു.

മേയ് മാസത്തില്‍ 180,000 കുടിയേറ്റക്കാരാണു അമേരിക്കയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ചത്. സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിച്ചവരില്‍ റഷ്യ, ബ്രസീല്‍, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. അതിര്‍ത്തി പ്രശ്‌നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്‌സസ് – മെക്‌സിക്കോ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെകുറിച്ചു നാളിതുവരെ കമലാ ഹാരിസ് താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ടും പരാതിപ്പെട്ടു.  അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബൈഡന്‍ ഭരണകൂടം തീര്‍ത്തും പരാജയമാണെന്നും ഇവര്‍ പറയും.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page