മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ

by admin
യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിലുള്ള വിഖ്യാതമായ മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ…. ഇന്ന് പ്രാർത്ഥനാദിനം….
പ്രധാന തിരുനാൾ ജൂലൈ 3 ശനിയാഴ്ച.
മാഞ്ചസ്റ്റർ:- യുകെയുടെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററിൽ  ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ ഞായറാഴ്ച (27/6/21) വൈകുന്നേരം 4 PM ന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ. മൈക്കിൾ ഗാനൻ കൊടിയേറ്റും. സെൻ്റ്.ആൻറണീസ് ചർച്ച് വികാരി റവ.ഫാ. നിക് കേൺ, ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് വി.കുർബ്ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിൻ്റെ ഒരുക്കമായി ഇന്ന് ഇടവകയിൽ പ്രാർത്ഥനാദിനമായി ആചരിക്കും. രാവിലെ 9.00 മണിക്ക് ജപമാല തുടർന്ന് 9.30 ന് ദിവ്യബലിക്ക് ശേഷം 10.30 മുതൽ തുടർച്ചയായി ചെയിൻ പ്രാർത്ഥന ഇടവകയിലെ വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്നതാണ്.
രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്.എച്ച്  നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും. തുടർന്ന് സമാപന ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ആഘോഷങ്ങൾ ജൂലൈ മൂന്ന് ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ.ജോസഫ് സ്രാമ്പിക്കൽ  മുഖ്യ കാർമ്മികൻ  ആയി തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കും. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പസ്തോൽ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിൻ്റെ മുഖ്യ ആകർഷണം. ജൂൺ 26 തിരുനാൾ ആരംഭിക്കുന്ന ദിവസം മുതൽ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാൾ വിജയത്തിനായി മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു  വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് ലളിതമായിട്ടാണ് ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ നടക്കുകയെന്ന് വികാരി റവ. ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
ജൂൺ 26 ശനിയാഴ്ച പ്രാർത്ഥന ദിനമായി ആചരിക്കുമ്പോൾ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും. ഇതേ തുടർന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെയിൻ പ്രയറുകൾക്കു തുടക്കമാകും. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ S.H  നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.
28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്‌ടർ റവ. ഫാ.വിൻസെന്റ്‌ ചിറ്റിലപ്പള്ളി നേതൃത്വം നൽകും.
29 തിയതി ചൊവ്വാഴ്ച വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ റവ. ഫാ.രഞ്ജിത് മഠത്തിറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
30 തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.
ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും  പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തീഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.
ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച  രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികൾ, പ്രസുദേന്തിമാർ തുടങ്ങിയവർ പ്രദക്ഷിണമായി പിതാവിനേയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് ആനയിക്കും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ  ആകുമ്പോൾ ഒട്ടേറെ വൈദികർ സഹ കാർമ്മികരാകും. ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. തുടർന്ന് കൊടിയിറക്കി ഒരാഴ്ച നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എല്ലാവർഷവും സംഘടിപ്പിക്കുന്ന കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെട്ടിക്കുറച്ചും, എന്നാൽ  ആത്മീയ ആഘോഷങ്ങൾക്ക് ഒട്ടും കോട്ടം തട്ടാതെയുമാണ്  ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ്  മാഞ്ചസ്റ്റർ ദുഖ്റാനാ തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.
സാധാരണ തോരണങ്ങളാലും ഫ്ലക്സുകളുമായി കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കാറുണ്ടായിരുന്ന സെൻറ് ആന്റണീസ് ദേവാലയവും പള്ളിപ്പരിസരങ്ങളും ഇക്കുറി കോവിഡിൻ്റെ പശ്ചാത്തലത്തിൽ അതെല്ലാം ഒഴിവാക്കി ലളിതമാക്കിരിക്കുകയാണ്.
വിശ്വാസികൾക്ക് ആത്മീയ ഉണർവ്വ് പകരുന്ന മാഞ്ചസ്റ്ററിലെ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിൽ എല്ലാവർക്കും സാധിക്കാതെ വരുന്നതിനാൽ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.  മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിൽ നേരിട്ടും ലൈവ് സംപ്രേക്ഷണത്തിലൂടെയും പങ്കെടുത്തു കൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.
                                           റിപ്പോർട്ട്  :   Alex Varghese

You may also like

Leave a Comment

You cannot copy content of this page