ആര്‍ക്കന്‍സാസ് : ജൂണ്‍ 26 ശനിയാഴ്ച ആര്‍ക്കാന്‍സാസ് വൈറ്റ് ഓക്‌സ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാന്‍ എത്തിയ പോലീസ് ഓഫീസര്‍ കെവിന്‍ ആപ്പിളിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഷോനാ കേഷ് (22) , എലൈജ അനഡോള്‍സ സീനിയര്‍ (18) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു .
പി റിഡ്ജ് പോലീസ് ഓഫീസര്‍മാരായ കെവിന്‍ ആപ്പിളും , ബ്രയാന്‍ സ്റ്റാംപ്സും ചേര്‍ന്ന് പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനിലെ ഡ്രൈവര്‍മാരുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന പ്രതി പോലീസുകാര്‍ വന്ന കാറിലേക്ക് വാന്‍ ഇടിച്ച കയറ്റുകയും പോലീസ് ഓഫീസര്‍ കെവിന്‍ ആപ്പിള്‍ ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീഴുകയും തുടര്‍ന്ന് വാന്‍ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കയറ്റി ഇറക്കുകയുമായിരുന്നു . പോലീസ് ഓഫീസര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു . സംഭവത്തിന് ശേഷം വാഹനം ഓടിച്ചു പോയ പ്രതികളെ മിസൗറി നോര്‍ത്ത് അതിര്‍ത്തിയില്‍ നിന്നും ആറു മൈല്‍ അകലെയുള്ള ബെല്ല വിസ്റ്റയില്‍ നിന്നും പോലീസ് പിടികൂടി .
വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അന്വേഷിച്ചു കൊണ്ടിരുന്ന വാനുമായി സാമ്യം കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ഓഫീസര്‍മാര്‍ വാനിനെ സമീപിച്ചത് .
പ്രതികളില്‍ ഒരാളായ കേഷിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും എലൈജക്ക് ഇതുവരെ ക്രിമിനല്‍ ഹിസ്റ്ററി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കാന്‍സാസ് അറ്റോര്‍ണി ജനറല്‍ ലസലി പറഞ്ഞു . 23 വര്‍ഷത്തെ സര്‍വീസുള്ള ആപ്പിള്‍ മൂന്നു വര്‍ഷം മുന്‍പാണ് പി റിഡ്ജ് പോലീസില്‍ ചേര്‍ന്നത് . ആര്‍ക്കാന്‍സാസ് ഗവര്‍ണര്‍ ആപ്പിളിനോടുള്ള ആദരസൂചകമായി സംസ്ഥാന പതാക പകുതി താഴ്ത്തിക്കെട്ടുവാന്‍ നിര്‍ദ്ദേശിക്കുകയുംമരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു .