ഫാ. ഡാനിയേല്‍ ജോര്‍ജ് – ആത്മാര്‍പ്പണമുള്ള പുരോഹിതശ്രേഷ്ഠന്‍ : ജോയിച്ചൻപുതുക്കുളം

by admin
Picture
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, കാല്‍നൂറ്റാണ്ടിലേറെയായി ഷിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയായും, ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക, എക്യൂമെനിക്കല്‍, മലയാളി അസോസിയേഷനുകളിലെ നിറസാന്നിധ്യവും, നേതൃത്വവുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ ഡാനിയേല്‍ ജോര്‍ജ് അച്ചന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ ഇടവക ദേവാലയം കൂടിയായ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ആചരിച്ചു.
Picture3
ആത്മാര്‍പ്പണമുള്ള ബഹു. അച്ചന്റെ വൈദീക ശുശ്രൂഷ യുവതലമുറയ്ക്ക് നൂതന ദിശാബോധവും, ആത്മീയ സംഘടനകള്‍ക്ക് ആത്മനിറവും പകരുവാന്‍ മുഖാന്തിരമായതായി കത്തീഡ്രല്‍ വികാരി ഫാ. എബി ചാക്കോ അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ആന്താരാഷ്ട്ര നിലവാരത്തിലുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ ആദ്യകാല ചാപ്ലെയിന്‍കൂടിയായിരുന്ന അച്ചന്‍ മികച്ച കൗണ്‍സിലിംഗ് വിദഗ്ധന്‍, വാഗ്മി, ഗായകന്‍, സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നതായി വന്ദ്യ ജേക്കബ് ജോണ്‍ കോര്‍എപ്പിസ്‌കോപ്പ അനുസ്മരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒട്ടനവധി പ്രമുഖര്‍ അനുസ്മരണ ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. എബി ചാക്കോ, ഫാ. ഡിജു സഖറിയ, ഫാ. വിജയ് തോമസ് എന്നിവര്‍ മുഖ്യകാര്‍മികരും, വന്ദ്യ ജേക്കബ് ജോണ്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഹാം ജോസഫ്, ഫാ. റ്റെജി ഏബ്രഹാം, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.
Picture
അച്ചന്റെ ഛായാചിത്രം ദേവാലയത്തില്‍ സ്ഥാപിച്ചു. യോഗത്തില്‍ ഭദ്രാസന കൗണ്‍സിലംഗം ഏബ്രഹാം വര്‍ക്കി, ഫിലിപ്പ് ജോസഫ്, ഏലിയാമ്മ മാത്യു, നിന്‍സി കുര്യന്‍, റെനി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. അച്ചന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ഇടവക ആഗ്രഹിക്കുന്നതായി ട്രസ്റ്റി ബാബു സ്കറിയ, സെക്രട്ടറി ഷിബു മാത്യു എന്നിവര്‍ അറിയിച്ചു. അച്ചന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് ഗ്രിഗറി ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page