ഫോമാ വനിതാ വേദിയുടെ മയൂഖം മേഖലാ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു. – (സലിം ആയിഷ : ഫോമാ പിആര്‍ഒ)

by admin

Picture

സപ്തവര്‍ണ്ണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി, ആത്മ വിശ്വാസത്തിന്റെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും പകര്‍ന്നാട്ടവുമായി മലയാളി വനിതകള്‍ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങള്‍ക്ക് ജൂലൈ പതിനേഴിന് തുടക്കം കുറിക്കും. ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എയുമായി കൈകോര്‍ത്ത് ഫോമാ വനിതാ വേദി തുടക്കം കുറിച്ച മയൂഖം മേഖല മത്സരങ്ങള്‍ ഫഌവഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും. ന്യൂയോര്‍ക്ക് മെട്രോ, മിഡ് അറ്റലാന്റിക് മേഖലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മാറ്റുരക്കുക.

മുഴുവന്‍ സമയ ജോലിയിലും , വീട്ടുജോലികളിലും ആയി ഒതുങ്ങി പോകുകയും, തങ്ങളുടെ സര്‍ഗ്ഗഭാവനകളെ പരിപോഷിപ്പിക്കാന്‍ അവസരങ്ങളില്ലാതെയോ ആത്മവിശ്വാസവുമില്ലാതെയോ, പ്രോത്സാഹനമില്ലാതെയോ അരികു വത്കരിക്കപ്പെട്ടുപോകുകയും ചെയ്ത സ്ത്രീകളെ പൊതുവേദികളില്‍ എത്തിക്കുകയും പിന്തുണക്കുകയൂം ചെയ്യുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ആദ്യ പടിയാണ് മയൂഖം.

ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനയുടമയും, വനിതാവ്യാപാരിയും, ഫാഷന്‍ ഡിസൈനറുമായ ശ്രീമതിബീന കണ്ണന്‍ ചട്ടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും. അമേരിക്കയിലെയും, കേരളത്തിലെയും മികവ് തെളിയിച്ച മലയാളികളായ പ്രഗത്ഭരായ രേഖ നായര്‍, ആതിര രാജീവ്, ലക്ഷ്മി സുജാത, ഷംഷാദ് സയ്യദ് താജ്, ഡോ:അപര്‍ണ്ണ പാണ്ഢ്യ, രാജന്‍ ചീരന്‍,ഷൈന ചന്ദ്രന്‍, ഹിമി ഹരിദാസ് എന്നിവരാണ് വിധികര്‍ത്താക്കളായി പങ്കെടുക്കുന്നത്.

രണ്ടു മേഖലകളില്‍ നിന്നായി 16 മലയാളി വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടക്കുക. വസ്ത്ര ശ്രേണിയിലെ പ്രത്യേകത കൊണ്ട് വനിതകള്‍ ഏറെ ഇഷ്ടപ്പെടുന്ന സാരീ ധരിച്ചുള്ള ആദ്യ ഘട്ടം, വിവിധങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് വ്യക്തി പ്രാഗല്‍ഭ്യം തെളിയിക്കുന്ന പ്രോപ്പര്‍ട്ടി റൗണ്ട്, പങ്കെടുക്കുന്നവരുടെ ആത്മവിശ്വാസവും, വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും, കഴിവും മാറ്റുരക്കുന്ന വ്യക്തിത്വ വിശകലനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിനു നേതൃത്വം നല്‍കുന്നത് മേഖലാ കോര്‍ഡിനേറ്റര്‍മാരായ ദീപ്തി നായര്‍, സിമി സൈമണ്‍, പ്രീതി വീട്ടില്‍ ,മീനൂസ് അബ്രഹാം, ജൂലി ബിനോയ്, മരിലിന്‍ അബ്രഹാം എന്നിവരാണ്.

പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍. ഷാജി പരോള്‍ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാര്‍ത്തകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഹെഡ്ജ് ബ്രോക്കറേജ്, ജോസഫ് ആന്‍ഡ് സുജ, ജോയ് ആലുക്കാസ്, ജയലക്ഷ്മി സില്‍ക്‌സ് , മയൂര സില്‍ക്‌സ് എന്നിവരാണ് പരിപാടിയുടെ പ്രായോജകര്‍.

 

You may also like

Leave a Comment

You cannot copy content of this page