പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകരെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

by admin

post

തിരുവനന്തപുരം : ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സര്‍ക്കാര്‍ ഉത്തരവില്‍ സ്‌കൂള്‍തല സമിതിയാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതലകൂടി ഈ സമിതിയില്‍ നിക്ഷിപ്തമായിരിക്കും എന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

അധ്യാപകരോ സ്‌കൂള്‍തല സമിതിയോ ഇതിനുവേണ്ടി സ്വന്തം നിലയില്‍ പണം മുടക്കണം എന്നല്ല, മറിച്ച് കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കാനുള്ള ചുമതലയെപറ്റിയാണ് ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍തല സമിതിയുടെ  ഘടനയും ഉത്തരവുകളില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍തല സമിതിക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സംഭാവന, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങി നാട്ടിലെ  വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്തവമാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

You may also like

Leave a Comment

You cannot copy content of this page