കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീടിന് തീ പിടിച്ചു. സി ഐ ഓഫീസിന് പടിഞ്ഞാറ് വശം ഭരത് നഗറിൽ താണിക്കപറമ്പ് ശാന്തയുടെ വീടിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. ശാന്തയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. വിറക് അടുപ്പിൽ നിന്നാവാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും അവിടെക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഫ്രിഡ്ജ്, ഫാൻ, വീട്ടുപകരണങ്ങൾ വാതിൽ എന്നിവ തീ പിടുത്തത്തിൽ കത്തിനശിച്ചു. ഫയർ ഓഫീസർമാരായ സുനിൽകുമാർ, അജിത്ത്, സതീശ്, വിജയൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അര മണിക്കൂറോളം നേരം പണി പെട്ടാണ് തീ അണക്കാൻ കഴിഞ്ഞത്.