കൊടുങ്ങല്ലൂർ.നഗരസഭ കൗൺസിലിനെതിരെ ബിജെപി നൽകിയ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ പോലും തയ്യാറാകാതെ തള്ളിക്കളഞ്ഞതിലൂടെ എൽ ഡി എഫിന്റെ കൊടുങ്ങല്ലൂരിലെ ശക്തിയും കരുത്തും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായി എൽഡിഎഫ് മണ്ഡലം നേതാക്കൾ അവകാശപ്പെട്ടു. ബി ജെ പി. – കോൺഗ്രസ്സ് കൂട്ടുകെട്ടിന്റെ സ്വപ്നം ഇതോടെ പൊലിഞ്ഞു പോയെന്ന് എൽ.ഡി എഫ് നേതാക്കൾ ആരോപിച്ചു.
നഗരസഭയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൗൺസിലിൽ ഹാജരാകാതെ തന്നെ എൽ ഡി എഫ് കൗൺസിലർമാർ പാർട്ടി ഓഫീസിലിരുന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുത്തുകയായിരുന്നു.
കൗൺസിലിൽ എൽ ഡി എഫിന് വ്യക്തവും പ്രകടവുമായ ഭൂരിപക്ഷമുള്ളതിന്റെ പൂർണ്ണമായ തെളിവാണിത്. ഇന്നലെ നഗരസഭ സ്പോർട്സ കൗൺസിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽ ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോൺഗസ്സ് ഒപ്പം കൂടിയിട്ടും എല്ലാ ബി ജെ പി സ്ഥാനാർത്ഥികളും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഇതിൽ നിന്നും എൽഡിഎഫിന്റെ ശക്തി ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ കനത്തമഴയിലും ആയിരങ്ങൾ പങ്കെടുത്ത് മനുഷ്യമതിലായി മാറിയ ചരിത്രം സൃഷ്ടിച്ച നഗരത്തിലെ മനുഷ്യച്ചങ്ങല കൊടുങ്ങല്ലൂരിലെ ജനങ്ങൾക്ക് എൽ ഡി എഫിലുള്ള പൂർണ്ണ വിശ്വാസത്തിന്റെ വ്യക്തമായ തെളിവാണ്. കോൺഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ ബി ജെ പി പാർട്ടിക്കകത്തും ബി ജെ പി യുമായി കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ്സ് കൗൺസിലർക്കെതിരെ കോൺഗ്രസ്സിനകത്തും വലിയ ചേരി തിരിവും പ്രതിഷേധവും ഉയർന്നിട്ടും വീണ്ടും തുടരുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് കൊടുങ്ങല്ലൂരിലെ മതനിരപേക്ഷ സമൂഹം തള്ളിക്കളയുമെന്ന് എൽഡിഎഫ് നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി, കെ.വി. വസന്തകുമാർ, പി.പി. സുഭാഷ് എന്നിവർ പറഞ്ഞു.
എൽഡിഎഫിന് കൗൺസിലർമാരിലും ജനങ്ങളിലും മുനിസിപ്പൽ നിയമത്തിലും ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും പ്രമേയം ചർച്ചക്കെടുക്കാൻ പോലും വിസമ്മതിച്ചതിലുള്ള ബി ജെ പി- കോൺഗ്രസ്സ് സഖ്യത്തിന്റെ നിരാശയും മാനക്കേടുമാണ് അവരുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും നേതാക്കൾ പറഞ്ഞു.