ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്‌നാനായ മിഷന് സ്വന്തമായൊരു ദൈവാലയം : ജോയിച്ചൻപുതുക്കുളം

by admin

Picture

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്‌ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്‌നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി.

ഒര്‍ലാന്‍ഡോ സിറ്റിയിലെ സസെക്‌സ് ഡ്രൈവിലുള്ള നാലേക്കര്‍ സ്ഥലവും ദൈവാലയവും വാങ്ങിയാണ് ഒര്‍ലാന്‍ഡോയിലെ ക്‌നാനായ സമൂഹം അജപാലന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്.2017 ഡിസംബറിലാണ് ഒരു മിഷന്‍ സ്ഥാപിക്കുവാനുള്ള ആഗ്രഹം ഒര്‍ലാന്‍ഡോയിലെ ക്‌നാനായ കുടുംബങ്ങള്‍ രൂപതാ കേന്ദ്രത്തില്‍ അറിയിച്ചത്.

ടാമ്പാ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തിന്റെ ഭാഗമായിരുന്ന മുപ്പതോളം കുടുംബങ്ങളാണ് ഓര്‍ലാന്‍ഡോയില്‍ ഉള്ളത്.2018 മെയ് 25ന് സെ.സ്റ്റീഫന്റെ നാമധേയത്തിലുള്ള ഒര്‍ലാന്‍ഡോ ക്‌നാനായ മിഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവ് ദിവ്യബലി അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു .

പുതിയ മിഷന്‍ ഡയറക്ടറായി ഫാ.മാത്യു മേലേടം നിയമിതനായി.ഫാ.ജോസ് ശൗര്യംമാക്കല്‍ മിഷന്‍ രൂപീകരണവേളയില്‍ നേതൃത്വം നല്‍കിയിരുന്നു.

ഒര്‍ലാന്‍ഡോ മിഷന് 2019 മാര്‍ച്ച് മാസത്തില്‍ 2 ഏക്കറ് സ്ഥലവും വീടും വാങ്ങി. ഈ മിഷനില്‍ എല്ലാമാസവും വി.ബലിയും കൂടാരയോഗങ്ങളും സജീവമായി നടന്നു പോന്നു. 2020 ജനുവരി മുതല്‍ ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചന്‍ മിഷന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു. ഒര്‍ലാന്‍ഡോയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡായുടെ സമീപത്താണ് പുതുതായി വാങ്ങിയ ദൈവാലയവും നാലേക്കര്‍ സ്ഥലവും സ്ഥിതി ചെയ്യുന്നത്.

സ്വന്തമായ ഒരു ദൈവാലയം എന്ന ഒര്‍ലാന്‍ഡോ ക്‌നാനായ വിശ്വാസ സമൂഹത്തിന്റെ ആഗ്രഹം സഫലമാകുന്നതിന് ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചനും ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാലും പ്രോത്സാഹനം നല്‍കി. കൈക്കാരന്മാരായ ബോബി കണ്ണംകുന്നേല്‍, ജിമ്മി കല്ലൂറുബേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ ക്‌നാനായ കത്തോലിക്ക റീജിയന്‍ സ്ഥാപിതമായിട്ട് 15 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ റീജിയണിലെ പതിനഞ്ചാമത്തെ ദൈവാലയമായി ഒര്‍ലാന്‍ഡോ മിഷന്‍ മാറുന്നതില്‍ വലിയ ദൈവകൃപയും കൃതാര്‍ത്ഥതയും ഉണ്ടെന്ന് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അനുസ്മരിച്ചു.

ഒര്‍ലാന്‍ഡോയിലെ ക്‌നാനായ സമൂഹത്തിന്റെ ദൈവ ആശ്രയവും കൂട്ടായ പരിശ്രമവും റീജിയണിലെ വിവിധ ദൈവാലയങ്ങളുടെ സഹായ സഹകരണവുമാണ്‌സ്വന്തമായൊരു ദൈവാലയവും അനുബന്ധ അജപാലന സൗകര്യങ്ങളും വളര്‍ത്തിയെടുക്കുവാന്‍ കാരണമായത്.

പുതിയ ദൈവാലയം യാഥാര്‍ഥ്യമാക്കിയ ഒര്‍ലാന്‍ഡോ മിഷനെയും ഡയറക്ടര്‍ ഫാ. ജോസ് അദോപ്പള്ളിയെയും സീറോ മലബാര്‍ രൂപതയുടെയും ക്‌നാനായ കാത്തലിക് റീജിയന്റെയും അഭിനന്ദനങ്ങളും ആശംസകളും പ്രത്യേകം അറിയിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: സ്റ്റീഫന്‍ ചൊളളംബേല്‍ (പി.ആര്‍.ഒ)

You may also like

Leave a Comment

You cannot copy content of this page