അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാന മന്ദിര കൂദാശാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ജോര്‍ജ് കറുത്തേടത്ത്

by admin

Picture

ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിനായി, ന്യൂജേഴ്‌സിയിലെ ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പില്‍ സ്വന്തമായി വാങ്ങി പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തിന്റെ കൂദാശാ കര്‍മ്മം 2021 മെയ് മാസം 22-ന് ശനിയാഴ്ച ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, മറ്റ് കോര്‍ കമ്മിറ്റികള്‍, സമീപ ദേവാലയങ്ങളിലെ ബ. വൈദീകര്‍, പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്വീകരണ കമ്മിറ്റി, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ വരവേല്‍പ് സംബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ചും, കൂദാശാ ചടങ്ങ് വന്‍ വിജയമാക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും വിലയിരുത്തുകയുണ്ടായി.

22-ന് രാവിലെ 10 മണിക്ക് ഭദ്രാസന ആസ്ഥാനത്ത് എത്തിച്ചേരുന്ന പരിശുദ്ധ ബാവയ്ക്കായി ഒരുക്കിയിരിക്കുന്ന വന്‍ വരവേല്‍പിലും, തുടര്‍ന്ന് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിലും, പൊതുസമ്മേളനത്തിലും, ഭദ്രാസന മെത്രാപ്പോലീത്തയ്ക്കു പുറമെ വിവിധ സഭാ മേലധ്യക്ഷന്മാരായ അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), അഭി. ദിവന്യാസ്യോസ് ജോണ്‍ കാവാക്ക് മെത്രാപ്പോലീത്ത (ആര്‍ച്ച് ബിഷപ്പ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫോര്‍ ദി ഈസ്റ്റേണ്‍ യു.എസ്), റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് (മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്, ഡയോസിസ് ഓഫ് അമേരിക്ക ആന്‍ഡ് യൂറോപ്പ്) എന്നീ മെത്രാപ്പോലീത്തമാരും, വന്ദ്യ വൈദീകരും, ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പ് മേയര്‍ ജോണ്‍ ക്രേമര്‍, ന്യൂജേഴ്‌സി മോങ് വെയര്‍ ടൗണ്‍ഷിപ്പ് മേയര്‍ മൈക്ക് ഗസാലി തുടങ്ങിയ പ്രമുഖ വ്യക്തികളും ഒട്ടനവധി വിശ്വാസികളും പങ്കുചേരും.

തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെടുന്ന ഈ ചടങ്ങില്‍ നേരിട്ടോ, പരിമിതമായ ഇന്നത്തെ സാഹചര്യത്തില്‍ MORAN TV വഴിയോ ക്രമീകരിച്ചിരിക്കുന്ന തത്സമയ സംപ്രേഷണത്തിലൂടെയോ പങ്കുചേര്‍ന്ന് ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാനായി വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.

കേരള ശൈലിയിലുള്ള താലപ്പൊലികളാലും, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടും, കത്തിച്ച മെഴുകുതിരികളുമേന്തി, ബ. വൈദീകരോടൊപ്പം, വിശ്വാസികള്‍ പരിശുദ്ധ പിതാവിനെ വരവേല്‍ക്കും. അതിഭദ്രാസനത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു സുദിനമായി തീരുന്ന ഈ ചടങ്ങ് വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page