ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

by admin

Picture

ന്യൂഡല്‍ഹി: ജൂനിയര്‍ നാഷനല്‍ ചാംപ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍നിന്നാണ് സുശീലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് ജൂനിയര്‍ താരം സാഗര്‍ റാണ ഡല്‍ഹിയിലെ സ്‌റ്റേഡിയത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നു രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു സുശീല്‍.

മേയ് 4ന് രാത്രിയാണ് ഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിനു പുറത്തെ പാര്‍ക്കിങ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഓഫിസറായ സുശീല്‍ കുമാറിന്റെ ഓഫിസും ഈ സ്‌റ്റേഡിയത്തിലാണ്. ജൂനിയര്‍ താരങ്ങളായ സാഗര്‍, അമിത്, സോനു എന്നിവരും റോത്തക്ക് സര്‍വകലാശാല വിദ്യാര്‍ഥിയായ പ്രിന്‍സ് ദലാല്‍, അജയ്, സുശീല്‍ കുമാര്‍ എന്നിവരുമായി വാക്കുതര്‍ക്കവും സംഘട്ടനവുമുണ്ടായി.

സ്‌റ്റേഡിയത്തിനു സമീപം സുശീലിന്റെ പരിചയത്തിലുള്ള വീട്ടിലെ താമസക്കാരാണ് പ്രിന്‍സും അജയുമെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സാഗര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. പരുക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പറഞ്ഞത്. പ്രിന്‍സിനെ നേരത്തെ അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കല്‍നിന്ന് 2 ഇരട്ടക്കുഴല്‍ തോക്ക്, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത 2 എസ്‌യുവികള്‍ ഹരിയാനയിലെ ഗുണ്ടാ സംഘത്തലവന്‍ നവീന്‍ ബാലിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രിന്‍സിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തിയത് പുറത്തു നിന്നുള്ളവരാണെന്ന് സുശീല്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു.

സുശീല്‍ കുമാറിനെ വിളിപ്പിച്ചെങ്കിലും പൊലീസിനു മുന്നില്‍ ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു. സുശീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു സുശീലിനും കൂടെയുള്ള 9 പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍കുമാര്‍.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page