ഇന്ത്യ പ്രസ് ക്ലബ് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ് ചാപ്റ്ററില്‍ തുടക്കം:പി.പി.ചെറിയാന്‍

by admin

ഡാളസ് : 2021 സെപ്റ്റംബറില്‍ ചിക്കാഗൊയില്‍ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്‌സസ്, ഡാളസ് ചാപ്റ്ററില്‍ തുടക്കം കുറിച്ചു. പുതിയ ഐ.പി.സി.എന്‍.എ. പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റിന് ചാപറ്റര്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ജൂണ്‍ 7 ഞായറാഴ്ച ഗാര്‍ലന്റിലുള്ള ഇന്ത്യന്‍ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും, പ്രത്യേകിച്ചു മാധ്യമ രംഗത്തെ സഹ പ്രവര്‍ത്തകരുടേയും നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്.

ഒന്നരവര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്‍പേഴ്‌സ്ണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നതിനും, ഭാവി പ്രവര്‍ത്തങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അവസരം ലഭിച്ചതെന്ന് പ്രസിഡന്റ് ചൂണ്ടികാട്ടി. കോവിഡാനന്തര അമേരിക്കയുടെ തിരിച്ചുവരവിന് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനസിക തകര്‍ച്ച നേരിടുന്ന നിരവധിപേര്‍ മലയാളി സമൂഹത്തില്‍ തന്നെയുണ്ടെന്നും അവരെ ജീവിതത്തിലേക്ക് വീണ്ടും കൈ പിടിച്ചുയര്‍ത്തുന്നതിന് ഉതകുന്ന ബോധവല്‍ക്കരണം മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്നും സണ്ണി അഭിപ്രായപ്പെട്ടു. ഐ.പി.സി.എന്‍.എ. ദേശീയ പ്രവര്‍ത്തനങ്ങളെ കുറിച്ചു നാഷ്ണല്‍ ജോ.സെക്രട്ടറി ബിജിലി വിശദീകരിച്ചു. കോവിഡിനെ തുടര്‍ന്ന് ഇന്നും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കണമെന്ന് പി.പി.ചെറിയാന്റെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. സാം മാത്യു, ഫിലിപ്പ് തോമസ്(പ്രസാദ്), ബെന്നി ജോണ്‍, സജിസ്റ്റാര്‍ലൈന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച പി.സി.മാത്യൂവിനെ യോഗം അഭിനന്ദിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page