ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാർട്മെന്റിൽ (എൻ.വൈ.പി.ഡി) ഡെപ്യുട്ടി ഇൻസ്‌പെക്ടർ ആയി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായതോടെ പ്രവാസ ജീവിതത്തിൽ പുതിയൊരു നാഴികക്കല്ല്; അഥവാ ഒരു ഗ്ളാസ് സീലിംഗ് കൂടി തകരുന്നു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന റെക്കോർഡും ലിജു തോട്ടത്തിനു സ്വന്തം.
ന്യു യോർക്ക് സിറ്റിയിൽ ആദ്യ ഇന്ത്യൻ പോലീസ് ഓഫിസർ, സാർജന്റ്, ലുട്ടനന്റ്, ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാൻലി ജോർജ് ആണ്. പിന്നാലെ ലിജു തോട്ടവും ക്യാപ്റ്റനായി. ഇപ്പോൾ ഡെപ്യുട്ടി ഇൻസ്പെക്ടറും. പ്രീസിംക്ടുകളെ നയിക്കുന്നത് രണ്ട് ക്യാപ്റ്റന്മാരാണ്. ഒരാള്‍ കമാന്‍ഡിംഗ് ഓഫിസറും മറ്റെയാള്‍ എക്‌സിക്യൂട്ടീവ് ഓഫിസറും. അവർക്ക് മുകളിൽ പല പ്രധാന പ്രീസിംക്ടുകളിൽ ഡെപ്യുട്ടി ഇൻസ്‌പെക്ടർ ആയിരിക്കും ചാർജ്. അതിനു മുകളിൽ അസിസ്റ്റന്റ് കമ്മീഷണർമാർ മുതൽ രാഷ്ട്രീയ നിയമനമാണ്. ഇന്ത്യാക്കാരുടെ കരുത്ത് മേയർക്കും മറ്റു നഗരപിതാക്കൾക്കും ബോധ്യമാകാത്തതിനാൽ പൊളിറ്റിക്കൽ നിയമനത്തിൽ നാം പിന്നോക്കം പോകുന്നു. നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെ. നമ്മുടെ ഒരാൾ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ അവർ പെട്ടെന്ന് മനസിലാക്കുമെന്നുറപ്പ്. (അറിയാവുന്ന പോലീസ് രണ്ട് ഇടി കൂടുതൽ തരുമെന്നാണ് കേരളത്തിലെ ചൊല്ല് എന്നത് മറക്കുന്നില്ല)
പോലിസ് ആവുകയെന്നത് കുഞ്ഞുനാള്‍ മുതല്‍ മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നെങ്കിലും ഇത്തരം പദവിയൊന്നും ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്ന് കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ലിജു ക്യാപ്ടനായപ്പോൾ പറയുകയുണ്ടായി. പോലിസിലെത്തുന്ന ആരും മോഹിക്കുന്നതാണ് ഉന്നത പദവിയെങ്കിലും തങ്ങളെപ്പോലുളള കുടിയേറ്റക്കാരെ അതിനായി പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. . ഡെപ്യുട്ടി ഇൻസ്പെക്ടർക്ക് ഉത്തരവാദിത്വങ്ങളും കൂടുന്നു. തന്റെ അധികാരപരിധിയിലുളള മേഖലയിലെ കാര്യങ്ങള്‍ക്കല്ലൊം ഉത്തരവാദിത്വം. എല്ലായിടത്തും കണ്ണ് ചെല്ലുകയും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും വേണം. ന്യൂയോര്‍ക്ക് പോലിസില്‍ ക്യാപ്റ്റന് മുകളിലുളള റാങ്കുകളില്‍ 89 ശതമാനവും വെളുത്ത വംശജരാണ്. കുടിയേറ്റ വംശജര്‍ ഉയര്‍ന്ന പദവികളിലെത്തുന്നത് അപൂര്‍വമാണ്. ഇപ്പോള്‍ ഫോറന്‍സിക്ക് ഇൻവെസ്റ്റിഗേഷന്‍സ് ഡിവിഷന്റെ എക്‌സിക്യുട്ടിവ് ഓഫീസറാണ് ലിജു. ഈ ഡിവിഷനിലെ രണ്ടാം സ്ഥാനം. ഡെപ്യുട്ടി ചീഫ് കത്രനാക്കിസ് ആണു മേധാവി.
ഇന്നത്തെ കാലത്ത് ഏതൊരു അന്വേഷണത്തിലും ഫോറന്‍സിക്ക് വിഭാഗം സുപ്രധാന പങ്കു വഹിക്കുന്നു. ആരും അറിയാത്ത തെളിവുകൾ അവർ കണ്ടെത്തുന്നു. കുറ്റവാളികളെ ശിക്ഷിക്കാനും നിരപരാധികളെ രക്ഷിക്കാനും അവർക്കു കഴിയുന്നു. ഫോറന്‍സിക്ക് ഫയല്‍സ് സീരീസ് കാണാത്തവര്‍ ചുരുക്കമാണല്ലൊ. എന്‍.വൈ.പി.ഡി ക്രൈം സീന്‍ യൂണിറ്റ്, പൊലീസ് ലാബറട്ടറി, ഫയര്‍ ആംസ് അനാലിസിസ് സെക്ഷന്‍, ലേറ്റെന്റ് പ്രിന്റ് സെക്ഷന്‍, എന്നിവയൊക്കെ ലിജുവിന്റെ ചുമതലയിലാണ്. ഈ വിഭാഗങ്ങള്‍ എല്ലാം അന്താരാഷ്ട്ര അക്രെഡിറ്റേഷന്‍ ഉള്ളതാണ്. അതിനാല്‍ അന്താരാഷ്ട്ര നിലവാരം കാത്ത് സൂക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. (ഐ.എസ്.ഒ സ്റ്റാൻഡാര്‍ഡ്‌സ്.) ഇന്‍സ്‌പെക്ഷനുകളില്‍ ഗുണമേന്മ ബോധ്യപ്പെടുത്തുക എന്നത് മാനേജ്‌മെന്റ് ടീമിനെ സംബന്ധിച്ചിടത്തോള വിഷമകരമായ ജോലി തന്നെ.
ഇവക്കു പുറമെ ലബോറട്ടറിയുടെ സുരക്ഷിതത്വം, പിടിച്ചെടുക്കുന്ന തോക്കുകളും മയക്കുമരുന്നുമൊക്കെ സൂക്ഷിച്ചു വയ്ക്കുക തുടങ്ങിയവയും ഡിവിഷന്റെ ചുമതലകളാണ്. ഫോറന്‍സിക്ക് ഉള്‍പ്പെട്ട പ്രമദമായ കേസുകളിലൊക്കെ അന്വേഷണ വേളയിൽ ഈ ഡിവിഷനും അതിന്റെ മേധാവികളും സുപ്രധാന പങ്കു വഹിക്കുന്നു. ഈ ഡിവിഷനില്‍ ആറു മാസം മുന്‍പാണ് ചാർജെടുത്തത്. അതിനു മുന്‍പ് അഞ്ചു വര്‍ഷം ക്രൈം സീൻ യൂണിറ്റ് ക്യാപ്ടനായിരുന്നു എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പതിമൂന്നാം വയസിലാണ് ലിജു തോട്ടം അമേരിക്കയിലെത്തുന്നത്. എയ്‌റോനോട്ടിക് എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തെങ്കിലും വ്യോമയാന മേഖലയില്‍ അധികം നാള്‍ ജോലി ചെയ്തില്ല. പാനാം, ഡെല്‍റ്റ എന്നീ വിമാനക്കമ്പനികളില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുകയുണ്ടായി. മനസിലെ മോഹത്തിന് സാക്ഷാത്ക്കാരമായി പോലിസിലെത്തുന്നത് 1996 ലാണ്. ന്യൂ യോര്‍ക്ക് പോലിസില്‍ ഓഫിസറായി തുടക്കം. രണ്ടായിരത്തില്‍ ആദ്യ പ്രൊമോഷന്‍ നേടി ഡിറ്റക്ടീവായി. നാര്‍കോട്ടിക്‌സ് ബ്യൂറോയിലായിരുന്നു അത്. 2002 അടുത്ത പ്രൊമോഷന്‍ സാര്‍ജന്റ്പദിവിയിലേക്ക്. 2006 ല്‍ ല്യൂട്ടനന്റായി. ടെസ്റ്റ് പാസായി ക്യാപ്റ്റനായി പ്രൊമോഷന്‍ കിട്ടുന്നത് 2013 ഏപ്രില്‍ 26 നാണ്. സ്‌റ്റോണിബ്രൂക്ക് ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷണറായ ഡോ. സ്മിതയാണ് ലിജു തോട്ട ത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കള്‍. ഒരാൾ കോളജിലും രണ്ട് പേര് സ്‌കൂളിലും. പിതാവ് ഫിലിപ്പ് തോട്ടം മൂന്നു വര്ഷം മുൻപ് നിര്യാതനായി. അമ്മ മേരി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്യാതയായി.
നിറത്തിന്റെയും ജന സ്ഥലത്തിന്റെയുമൊക്കെ പേരിലുള്ള വിവേചനമൊന്നും ഉണ്ടാവാതിരിക്കാനുമുള്ള പരിശീലനമാണ് പോലീസിനു നല്‍കുന്നതെന്നു ലിജു ചൂണ്ടിക്കാട്ടുന്നു. മിക്കവാറും എല്ലാവരും അത് അനുസരിക്കുന്നു. ഗൈഡ്‌ലൈന്‍സ് അനുസരിച്ചാണ് മിക്കവരും പ്രവര്‍ത്തിക്കുക. പോലീസിന്റെ ഫണ്ടിംഗ് വെട്ടിക്കുറക്കുന്നതും മറ്റും നല്ലതല്ലെന്ന് ലിജു ചൂണ്ടിക്കാട്ടുന്നു. അത് പോലീസ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഉപകരണം, പരിശീലനം, മികച്ച വ്യക്തികളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയെയയോക്കെ അത് ബാധിക്കും.പൊലീസ് ദുര്‍ബലമായാല്‍ അത് കൂടുതല്‍ ബാധിക്കുക ദുര്‍ബലരെയും ന്യൂനപക്ഷത്തെയുമാണ്
ഇപ്പോള്‍ കുറ്റക്രുത്യങ്ങള്‍ ഇരട്ടിയായിട്ടുണ്ട്. അതേ സമയം പോലീസ് ഇടപെട്ടുള്ള ഷൂട്ടിംഗ് ന്യു യോര്‍ക്ക് സിറ്റിയില്‍ കഴിഞ്ഞ മൂന്നു ദശാബ്ദമായി കുറയുകയാണ്. ഇപ്പോഴത്തെപോലീസ് ഒഫീസര്‍മാര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും വ്യത്യസ്ഥ മേഖലകളില്‍ നിന്നു വന്നവരും മികച്ചവരുമാണ്. മികച്ച സംവിധാനനങ്ങളും അവര്‍ക്കുണ്ട്.
‘പോലിസുകാരനു വേണ്ട കൊമ്പന്‍മീശയും രൗദ്ര മുഖവും ഇല്ലാത്ത സൗമ്യശീലനായ ലിജു എങ്ങനെ പോലിസിലെത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി സരസമായിരുന്നു. രൗദ്രഭാവം വേണ്ടപ്പോള്‍ എടുത്താല്‍ പോരേ?. മുഖത്തിന്റെ രൂപാന്തരീകരണം ആവശ്യമുളളപ്പോള്‍ സംഭവിക്കുന്നതാണ്. എപ്പോഴും കാര്‍ക്കശ്യത്തോടെ നടക്കേണ്ട ആവശ്യമില്ല പോലിസിന്. സ്‌നേഹം വേണ്ടിടത്ത് അത് കൊടുക്കണം, രൗദ്രം വേണ്ടിടത്ത് അത് പ്ര യോഗിക്കണം; അതാവണം പോലിസ് അതാവണമല്ലോ പോലിസ്…’ ക്യാപ്ടനായപ്പോൾ പറഞ്ഞത്.
ജോയിച്ചൻപുതുക്കുളം