ഒര്‍ലാന്റോ (ഫ്ളോറിഡ): കാലം ചെയ്ത പിതാക്കന്മാരായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ,മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ, ബെന്യാമിന്‍ ജോസഫ് മോര്‍ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓര്‍മ്മ പെരുന്നാള്‍ സംയുക്തമായി ഒര്‍ലാന്റോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കുന്നു .
അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണരുളിയ 120ാം പാത്രിയര്‍ക്കീസായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമന്‍ ബാവ 1918 ഇല്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ സിറിയയിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . പിന്നീട് അമേരിക്കയിലേക്ക് പാത്രിയര്‍ക്കാ പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം അമേരിക്കയില്‍ നിരവധി പള്ളികള്‍ കൂദാശ ചെയ്യുകയും പട്ടക്കാരെ വാഴിക്കുകയും ചെയ്തു .ഷിക്കാഗോ സര്‍വ്വകലാശാലയില്‍ സുറിയാനി ഭാഷയില്‍ അധ്യാപകനായ പ്രവര്‍ത്തിച്ച മെത്രപൊലീത്ത, നിയുക്ത പാത്രിയര്‍ക്കീസായി 1932 ഇല്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു സിറിയയിലേക്ക് തിരികെപ്പോയി .1933 ഇല്‍ പാത്രിയര്‍ക്കീസായി അഭിഷിക്തനായ അദ്ദേഹം നിരവധി പുതിയ ഭദ്രാസനങ്ങള്‍ സ്ഥാപിക്കുവാനും സുറിയാനിസഭയ്ക്കു ലെബനോനില്‍ ഒരു സെമിനാരി സ്ഥാപിക്കാനും മുന്‍കൈയെടുത്തു .കൂടാതെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പാത്രിയര്‍ക്കാ ആസ്ഥാനം തുര്‍ക്കിയില്‍ നിന്നും സിറിയയിലെ ഹോംസിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു .1957 ജൂണ്‍ 23 ന് പരി .പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തു ഹോംസിലെ പള്ളിയില്‍ കബറടക്കപ്പെട്ടു .നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരി .ബാവ എഴുതിയ ചിതറിയ മുത്തുകള്‍ എന്ന ഗ്രന്ഥം ഒരു അമ്മൂല്യമായ നിധിയായി ഇന്നും സുറിയാനി സഭയില്‍ നിലനില്‍ക്കുന്നു.
മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ റമ്പാനായിരുന്നപ്പോള്‍ 1933 ഇല്‍ മലങ്കരയില്‍ വരുകയും മഞ്ഞിനിക്കര ദയറായില്‍ 1946 വരെ മല്‍പ്പാനായി തുടരുകയും ചെയ്തു .1946 ഇല്‍ മൊസൂളിലുള്ള സെന്‍റ് അപ്രേം സെമിനാരിയിലേക്കു അധ്യാപകനായി വിളിക്കപ്പെട്ട അദ്ദേഹം 1950 ഇല്‍ ബെയ്റൂട്, ദമാസ്കസ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു .1957 ഇല്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമന്‍ പാത്രിര്‍ക്കീസ് ബാവായുടെ നിര്യാണത്തെത്തുടര്‍ന്നു പാത്രിയര്‍ക്കീസ് ആയി വാഴിക്കപ്പെട്ടു .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ ബാവ 1964 ഇല്‍ മലങ്കരയില്‍ സന്ദര്‍ശനം നടത്തുകയും സമാധാനം പുനസ്ഥാപിക്കുവാന്‍ ഔഗേന്‍ മോര്‍ തിമോത്തിയോസിനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു .സുറിയാനി സഭയില്‍ ആരാധന സംബന്ധിയായ ഏകദേശം 30 ഓളം പുസ്തകങ്ങള്‍ എഴുതിയ പരി .പിതാവ് സുറിയാനി സംഗീതത്തില്‍ പണ്ഡിതനായിരുന്നു .പരി .പിതാവ് 1980 ജൂണ്‍ മാസം കാലം ചെയ്ത് ഡമാസ്കസിലുള്ള സെന്‍റ് ജോര്‍ജ് പാത്രിയര്‍ക്കാ പള്ളിയില്‍ കബറടക്കപ്പെട്ടു .
പ്രശസ്തമായ കുന്നംകുളം പനയ്ക്കല്‍ കുടുംബാങ്ങമായ ബെന്യാമിന്‍ ജോസഫ് മോര്‍ ഒസ്താത്തിയോസ് തിരുമേനി മഞ്ഞിനിക്കര ദയറായില്‍ വൈദീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഡമാസ്കസിലുള്ള സെന്‍റ് എഫ്രേം സെമിനാരിയില്‍ ഉപരിപഠനം നടത്തുകയും ചെയ്തു .പരി .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന്‍ ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ മലങ്കര കാര്യങ്ങളുടെ സെക്രെട്ടറിയായി നിയമിക്കപ്പെട്ടു .1984 ഇല്‍ സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.2004 ജൂണ്‍ 17 ന് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മഞ്ഞിനിക്കര ദയറാ പള്ളിയില്‍ കബറടക്കപ്പെട്ടു .അന്ത്യോഖ്യ മലങ്കര ബന്ധത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച തിരുമേനി സുറിയാനിക്രിസ്ത്യാനികളുടെ അഭിമാനസ്തംഭമായി നിലനില്‍ക്കുന്നു
ജൂണ്‍ 20 ഞായറാഴ്ച 8 .45 ന് പ്രഭാതപ്രാര്‍ത്ഥനയും വികാരി റവ .ഫാ .പോള്‍ പറമ്പാത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടത്തപ്പെടുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് റെവ.ഫാ .പോള്‍ പറമ്പാത്(വികാരി ) +16103574883 ,ബിജോയ് ചെറിയാന്‍ (ട്രെഷറര്‍ ) 4072320248, .എന്‍ .സി .മാത്യു (സെക്രട്ടറി ) 4076019792.
റിപ്പോര്‍ട്ട്: നോബി സി. മാത്യു