കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം കത്തോലിക്കാ കുടുംബങ്ങള്‍, അവരുടെ രണ്ട് പതിറ്റാണ്ടായുള്ള പ്രാര്‍ത്ഥനയും അക്ഷീണ പരിശ്രമവും ഫലമണിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതയുടെ ഉടമസ്ഥതയില്‍ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ സ്ഥിതിചെയ്തിരുന്ന സെന്റ് ഹെലേന ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റി സ്വന്തമാക്കി ഇപ്പോള്‍ ഇടവകയായി ഉയര്‍ത്തപ്പെടുന്നത്.
2020 ഡിസംബര്‍ 22-നാണ് 450 പേര്‍ക്ക് ഇരിക്കാവുന്ന ഈ ദേവാലയവും ഇതു സ്ഥിതിചെയ്യുന്ന 5.3 ഏക്കര്‍ സ്ഥലവും ഹാര്‍ട്ട്‌ഫോര്‍ഡ് ആതിരൂപതയുടെ സെന്റ് ജയിന്നാ ഇടവകയില്‍ നിന്നു സീറോ മലബാര്‍ കമ്യൂണിറ്റി 9.5 ലക്ഷം ഡോളറിന് വാങ്ങുന്നത്. 200 പേര്‍ക്ക് ഇരിക്കാവുന്ന പാരീഷ് ഹാളും, നാല് സണ്‍ഡേ സ്കൂള്‍ ക്ലാസ് മുറികളും, വൈദീക മന്ദിരവും, വിശാലമായ പാര്‍ക്കിംഗും ദേവാലയത്തിനുണ്ട്. 2000 മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനായി പ്രവര്‍ത്തിച്ച ദേവാലയത്തിന്റെ പ്രഥമ ഡയറക്ടര്‍ ഫാ. തോമസ് പുതിയിടം ആയിരുന്നു. തുടര്‍ന്ന് ഫാ. ജോസഫ് നടുവിലേക്കുറ്റ്, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ എന്നിവര്‍ മിഷന്റെ ചുമതല വഹിച്ചു.
തുടര്‍ന്ന് 2004 ഡിസംബറില്‍ ചുമതലയേറ്റ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തോളമായി പള്ളി വാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അച്ചനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ ട്രസ്റ്റിമാരായ ആല്‍വിന്‍ മാത്യു, ബിനോയ് സക്‌റിയ, പര്‍ച്ചേസിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ അരുണ്‍ ജോസ് എന്നിവരാണ് ഇതിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഇടവക സമൂഹത്തോടൊപ്പം നാളിതുവരെ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചുവരുന്നത്.
2021 ജൂലൈ പത്താംതീയതി ശനിയാഴ്ച സമൂഹബലി മധ്യേ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനെ നാല്‍പ്പത്തെട്ടാമത്തെ ഇടവകയായി പ്രഖ്യാപിക്കും. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ജുവാന്‍ മിഗുള്‍ ബെറ്റന്‍കോര്‍ട്ട് എന്നിവരും നിരവധി വൈദീകരും സഹകാര്‍മികരായിരിക്കും.
പാരീഷ് കൗണ്‍സില്‍ മെമ്പര്‍മാരായ ആല്‍വിന്‍ മാത്യു, ബിനോയ് സ്കറിയ, അരുണ്‍ ജോസ്, ബേബി മാത്യു, സുനില്‍ അബ്രഹാം, ബബിത മാത്യു, ബിജു കൊടലിപറമ്പില്‍, ജോണ്‍ തോമസ്, ജോര്‍ജ് ജോര്‍ജ്, ആനി അഗസ്റ്റിന്‍, ഔസേഫ് മഞ്ചേരില്‍, ക്രിസ്റ്റീന അബ്രഹാം, ജോര്‍ജ് ബേബിക്കുട്ടി, രേണു ജോര്‍ജ്, തോമസ് ചെന്നാട്, അശ്വിന്‍ മാത്യു എന്നിവരാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബ കൂട്ടായ്മ ഭാരവാഹികളും, വിവിധ ഭക്തസംഘടനാ അംഗങ്ങളും ഇവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ജൂലൈ പത്തിന് നടക്കുന്ന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഈ ദേവാലയം സ്വന്തമാക്കാന്‍ സഹകരിച്ച മുന്‍ വികാരിമാരേയും കൈക്കാരന്മാരേയും വിശ്വാസികളേയും അമേരിക്കയിലെ വിവിധ ഇടവകകളിലെ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ അറിയിച്ചു.