വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു.
യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം ജൂണ്‍ 22ന് യു.എസ്. സെനറ്റ് അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോടെ 51 വോട്ടുകള്‍ അഹൂജ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ നിയമനത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.
1979 മുതല്‍ സ്ഥാപിതമായ ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിന് (OPM) ആദ്യമായാണ് സ്ഥിരമായ ഒരു അദ്ധ്യക്ഷയെ നിയമിക്കുന്നത്.
സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പ്രതിനിധിയായി ആദ്യം നിയമിക്കപ്പെടുന്ന വ്യക്തിയാണ് അഹൂജ.
ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ പിരിച്ചുവിടണമെന്ന് ട്രമ്പ് ഭരണകൂടത്തിന്റെ തീരുമാനം പിന്‍വലിക്കുന്നതിനും, ഫെഡറല്‍ ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമാണ് അഹൂജ മുന്‍ഗണന നല്‍കുന്നത്.
ഈ തീരുമാനത്തെ പിന്തുണച്ചു നിരവധി ഫെഡറല്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അഹൂജയുടെ നിയമനത്തെ നാഷ്ണല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന് അഭിനന്ദിച്ചു. 1971 ജൂണ്‍ 17ന് ഇന്ത്യയില്‍ കുടിയേറിയ മാതാപിതാക്കള്‍ക്ക് ജോര്‍ജിയ സംസ്ഥാനത്തെ സവാനയിലായിരുന്നു അഹൂജയുടെ ജനനം.
എമറോയ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും, ജോര്‍ജിയ യൂണിവേഴ്സിറ്റി ലോ സ്ക്കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. 2021നാണ് ഇവരെ ബൈഡന് പുതിയ തസ്തികയിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത്.
റിപ്പോർട്ട് : പി.പി.ചെറിയാന്