ബ്രൂക്ക്ഫീൽഡ് നഗരത്തിൽ പോലീസ് ചീഫ് ആയി മലയാളിയായ മൈക്ക് കുരുവിള

by admin

Picture

ചിക്കാഗോ: സോഷ്യൽ വർക്കിൽ നിന്ന് പൊലീസിലേക്ക്. ഒന്നര ദശാബ്ദത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ഇല്ലിനോയിയിലെ ബ്രൂക്ക്ഫീൽഡ് നഗരത്തിൽ പോലീസ് ചീഫ് ആയി മൈക്ക് കുരുവിള (മൈക്കിൾ കുരുവിള) അടുത്ത മാസം ചാർജെടുക്കുന്നു. രണ്ട് വർഷമായി ഡെപ്യുട്ടി പോലീസ് ചീഫ് ആയിരുന്ന കുരുവിളയുടെ സ്ഥാനലബ്ദിയിൽ മലയാളി സമൂഹത്തിനും ഏറെ അഭിമാനം. അമേരിക്കയിൽ ആദ്യമായാണ് ഒരു മലയാളി പോലീസ് ചീഫ് ആകുന്നതെന്നു കരുതുന്നു.

“ധാരാളം പേര് അഭിനന്ദിക്കാൻ വിളിച്ചു. ഇത്രയധികം പിന്തുണ ലഭിക്കുന്നതിൽ അഭിമാനം തോന്നി,’ കോട്ടയം മാന്നാനം പറപ്പള്ളിൽ ചിറ കുടുംബാംഗം ജോൺ കുരുവിളയുടെ പുത്രനായ മൈക്ക് കുരുവിള പറഞ്ഞു നോർത്ത് വെസ്റ്റ് ചിക്കാഗോയിൽ ജനിച്ചു വളർന്ന കുരുവിള യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിൽ ഡിഗ്രിക്കും മാസ്റ്റേഴ്‌സിനും പഠിച്ചത് സോഷ്യൽ വർക്ക്. ജോലി തുടങ്ങിയതും ബ്രൂക്ഫീൽഡ് പോലീസിൽ സോഷ്യൽ വർക്കറായി. തസ്തിക പോലീസ് ക്രൈസിസ് വർക്കർ. ആറാഴ്ച കഴിഞ്ഞപ്പോൾ പോലീസിൽ ചേരുന്നോ എന്ന ചോദ്യം വന്നു. രണ്ടാമതൊന്നാലോചിക്കാതെ അത് സ്വീകരിച്ചു

സോഷ്യൽ വർക്കും പോലീസ് വർക്കും ചേരുമ്പോൾ ശക്തമായ നടപടികൾ എടുക്കാനാവുമെന്നു കരുതി. പോലീസ് ആകുന്നത്തിനോട് മുൻപേ താലപര്യവുമുണ്ടായിരുന്നു. എഞ്ചിനിയർ, ഡോക്ടർ എന്ന പതിവ് സങ്കല്പം ഉണ്ടായിരുന്നില്ല.

ഇപ്പോൾ പോലീസിൽ ഒരുപാട് മാറ്റങ്ങൾ വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുറ്റാന്വേഷണം, നിയമപാലനം എന്നിവ ആയിരുന്നു പണ്ട് പോലീസിന്റെ ജോലി എങ്കിൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ സമഗ്രമായി കാണുന്ന സ്ഥിതിയുണ്ട്. കുറ്റം ആര് ചെയ്യുന്നു, എന്ത് കൊണ്ട് ചെയ്യുന്നു, അയാളുടെ മാനസിക നില എന്ത് എന്നതൊക്കെ പോലീസിന്റെ ജോലിയിൽ പ്രധാന വിഷയങ്ങളായി. അവിടെ ഒരു സോഷ്യൽ വർക്കരുടെ ജോലി കൂടി ഒത്തു ചേരുന്നു. എങ്കിലും പോലീസ് ജോലി ബ്ളാക്ക് ആൻഡ് വൈറ്റ് എന്ന രീതിയിൽ കാണാനാവില്ല. പല ഭാഗങ്ങളും ഗ്രെ എന്ന് പറയാം.

പോലീസ് ജോലിയിൽ എപ്പോഴും അപകട സാധ്യതയുണ്ട്. അത് എല്ലാ കാലത്തും ഉണ്ട്. അവയെ നേരിടുകയും കൂടെയുള്ളവരെയും പൊതുജനത്തെയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒരു ഓഫിസറുടെ ദൗത്യം. പോലീസ് ചീഫ് ആകുമ്പോൾ ആ ഉത്തരവാദിത്തം കൂടുന്നു. ഡെപ്യുട്ടി ചീഫ് എന്ന നിലയിൽ അഡ്മിനിസ്‌ട്രേറ്റിവ് കാര്യങ്ങളാണ് കൂടുതലായി ചെയ്തത്. ഓഫീസർമാർക്ക് ബോഡി കാമറ നൽകുന്നത് ഇപ്പോൾ നടന്നു വരുന്നു.

പോലീസ് ജോലി നല്ലതെങ്കിലും അത് വളരെ എളുപ്പം എന്ന് കരുതുന്നത് അബദ്ധമാണെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ശാരീരികമായും മാനസികമായും അത് ഏറെ ത്യാഗം ആവശ്യപ്പെടുന്നു. പോലീസ് ജോലി ഒരു ഉന്നത പദവി (പ്രിവിലേജ്) എന്ന ധാരണയും വേണ്ട. കഠിനാധ്വാനം തന്നെ വേണം. അത് പോലെ തന്നെ കുടുംബവുമായി ചെലവിടുന്ന സമയവും കുറഞ്ഞെന്നു വരും. ഇന്ത്യാക്കാരനായത് കൊണ്ട് പ്രത്യേക വിവേചനമൊന്നും ഉണ്ടായില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രമോഷന് മാസ്റ്റേഴ്സ് ബിരുദവും സഹായിച്ചു.

കഴിഞ്ഞ വര്ഷം 40 വയസിൽ താഴെയുള്ളവർക്കുള്ള പോലീസ് അണ്ടർ 40 അവാർഡ് ജേതാക്കളിൽ ഒരാളായി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസ് (ഐ‌എ‌സി‌പി) തിരഞ്ഞെടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 വയസ്സിന് താഴെയുള്ള 40 പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആണ് അന്ന് 37 കാരനായ കുരുവിള ഇടം നേടിയത്. 2006 ൽ ബ്രൂക്ക്ഫീൽഡ് പോലീസ് നിയമിച്ച ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ എന്ന വിശേഷണവും കുരുവിള സ്വന്തമാക്കിയിരുന്നു.

ഡിപ്പാർട്മെന്റിൽ ആദ്യമായി ‘ക്രൈസിസ് ഇന്റർവെൻഷൻ ട്രെയിനിങ്’ അഥവാ പ്രതിസന്ധി ഘട്ടങ്ങളെ തന്മയത്വത്തോടെ നേരിടാനുള്ള വിദഗ്ധ പരിശീലനം പൂർത്തിയാക്കിയതും കുരുവിളയാണ്. ഈ മേഖലയിൽ മാതൃകാപരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്ത കുരുവിള, ഇടപെടുന്ന എല്ലാ വിഷയങ്ങളിലും ആർദ്രതയുടെയും കരുതലിന്റെയും സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .

ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് ഷർട്ടുകൾ സുരക്ഷിതമാക്കുന്നതിനുള്ള ഗ്രാന്റ് ലഭിച്ചത് അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് . മാരിവാന സംബന്ധിച്ച് സംസ്ഥാനം കൈക്കൊണ്ട പുതിയ നിയമങ്ങൾ സംബന്ധിച്ച് മുൻകൈയെടുത്തതും എടുത്തുപറയേണ്ട മികവ് തന്നെ.

കമാൻഡ് റോളിലും പട്രോളിംഗിലും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിലുമെല്ലാം ഒരേ രീതിയിൽ തിളങ്ങുന്ന ഡിപ്പാർട്മെന്റിലെ അപൂർവം ഉദ്യോഗസ്ഥരിൽ ഒരാളാണ് കുരുവിളയെന്ന് മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥാനമൊഴിയുന്ന പോലീസ് ചീഫ് എഡ്‌വേഡ്‌ പെട്രാക്കാണ് അദ്ദേഹത്തെ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്.

ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ആറ് വർഷം പോലീസ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച കുരുവിളയുടെ സ്ഥിരോത്സാഹവും സേവനതല്പരതയുമാണ് 16 വർഷത്തെ സർവീസിനിടയിൽ വലിയ നേട്ടങ്ങൾക്ക് വഴിവച്ചത്.

ഡെപ്യൂട്ടി പോലീസ് മേധാവിയെന്ന നിലയിൽ, കുരുവിളയും അദ്ദേഹത്തിന്റെ ഭാര്യയും ലാഭേച്ഛയില്ലാതെ സന്നദ്ധസേവനം നടത്തുന്നതിലും മുൻപന്തിയിലുണ്ട്. വിനോദ വ്യവസായത്തിന്റെ മറവിൽ മനുഷ്യക്കടത്തിനും ലൈംഗീക ചൂഷണങ്ങൾക്കും ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടിയും മികവുഠ സേവനം ഇവർ നടത്തിവരുന്നു. ആറ് വർഷത്തിലേറെയായി ഇതിനായുള്ള സംഘടനയുടെ ബോർഡിൽ അംഗമായി കുരുവിള പ്രവർത്തിക്കുന്നു. ക്ലേശങ്ങൾ അനുഭവിക്കുന്നവരുടെ നൊമ്പരം ശമിപ്പിക്കാനും സമാധാനം നൽകാനുമുള്ള അവസരം നിറവേറ്റുവാനാണ് താനെന്നും ശ്രമിച്ചിട്ടുള്ളതെന്ന് കുരുവിള അഭിമാനത്തോടെ പറയുന്നു.

സോഷ്യൽ വർക്കറാണ് ഭാര്യ സിബിൾ. പത്തു വയസുള്ള സാമുവൽ, മൂന്ന് വയസുള്ള മിക്ക എന്നിവരാണ് മക്കൾ.

പിതാവ് ജോൺ കുരുവിള കോളജ് പഠനത്തിന് അമേരിക്കയിലെത്തിയതാണ്. മോട്ടൊറോളയിൽ അക്കൗണ്ടന്റായി വിരമിച്ചു. അമ്മ സെലീന മാവേലിക്കര കൊന്നയിൽ കുടുംബാംഗം. കോട്ടയം മറ്റക്കര സ്വദേശി ജോർജ് ഐക്കരയുടെയും കുറിച്ചിത്താനം കളപ്പുരക്കൽ കുടുംബാംഗം റോസമ്മയുടെയും പുത്രിയാണ് സിബിൾ.

ജോയിച്ചൻപുതുക്കുളം

 

 

You may also like

Leave a Comment

You cannot copy content of this page