കോവിഡ് ഇന്ത്യന്‍ വകഭേദം മാരകം, ആന്റിബോഡികളേയും മറികടന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥന്‍

by admin

Picture

ജനീവ: മാരക ശേഷിയുള്ള ഇന്ത്യയില്‍ ഇപ്പോള്‍ പടരുന്ന കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ഒരുപക്ഷേ വാക്‌സീന്‍ സുരക്ഷയെ വരെ മറികടക്കുന്നതാണെന്നും ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഇപ്പോള്‍ ഇന്ത്യയിലെ രോഗികളില്‍ കാണുന്ന ലക്ഷണങ്ങള്‍, പെട്ടെന്നു വ്യാപിക്കുന്ന വൈറസ് വകഭേദത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് സൗമ്യ, വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ഇന്ത്യന്‍ ഇനം (ബി.1.617) തന്നെയാണ് ഇപ്പോഴത്തെ തരംഗത്തിനുള്ള പ്രധാന കാരണം. 17 രാജ്യങ്ങളില്‍ ബി.1.617 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. ബി.1.617ന്റെ തന്നെ 3 വകഭേദങ്ങള്‍ (ബി.1.617.1, ബി.1.617.2, ബി.1.617.3) ഇന്ത്യയില്‍ കാണുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളില്‍ 50% പേരില്‍ ഇതു കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 20നാണ് ബി.1.617 ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത്.

തീവ്രവ്യാപനശേഷി ഉണ്ടെങ്കിലും ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ എന്ന പട്ടികയില്‍ ഡബ്ല്യുഎച്ച്ഒ ഇതുവരെ ഇന്ത്യന്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ഥ വൈറസിനേക്കാള്‍ അപകടകരമാണെന്നും വാക്‌സീന്‍ സുരക്ഷയെ പോലും മറികടന്നേക്കും എന്നു സൂചിപ്പിക്കുന്നതാണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ എന്ന ലേബല്‍. യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബി.1.617 വകഭേദത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.

ഡബ്ല്യുഎച്ച്ഒയും ഉടന്‍ തന്നെ അവരുടെ പാത പിന്തുടര്‍ന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥന്‍ പറയുന്നു. ‘ബി.1.617 യഥാര്‍ഥത്തില്‍ ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം തന്നെയാണ്. കാരണം, ഇതിന്റെ ചില പരിവര്‍ത്തനങ്ങള്‍ വ്യാപനശേഷം വളരെയധികം വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പിലൂടെയോ അല്ലെങ്കില്‍ സ്വാഭാവിക അണുബാധയിലൂടെയോ ഉണ്ടാകുന്ന ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ഇതിനു സാധിച്ചേക്കും.’– സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ വകഭേദത്തെ മാത്രം ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പഴിക്കാന്‍ സാധിക്കില്ലെന്നും സൗമ്യ ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ച രണ്ടാം തരംഗത്തിന് വലിയൊരു കാരണമായി. കോവിഡ് വ്യാപനം അവസാനിച്ചു എന്ന രീതിയിലുള്ള ആളുകളുടെ പെരുമാറ്റമാണ് ഈ സാഹചര്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page