അല സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും.

by admin

വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അലയുടെ (ആർട്ട് ലവേഴ്സ്  ഓഫ് അമേരിക്ക) സ്കോളർഷിപ്പ് പദ്ധതി ജൂലായ് പത്തിനു ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും. അലയുടെ പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥി ആയിരിക്കും. കുടുംബശ്രീ സിഓഓ സജിത്ത് സുകുമാരൻ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സി. ഇസ്മായിൽ, സാമൂഹ്യ പ്രവർത്തക ഉഷ പുനത്തിൽ, ഡോ: നിതീഷ് കുമാർ കെ പി എന്നിവർ സംസാരിക്കും. ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അനിലാൽ ശ്രീനിവാസൻ അവതരിപ്പിക്കും. ബിന്ദു രവികുമാർ, ലക്ഷ്മി ബസു എന്നിവർ നയിക്കുന്ന ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. തുടർന്നു നഞ്ചിയമ്മയും വിനു കിടച്ചുളനും അവതരിപ്പിക്കുന്ന നാടൻസംഗീത പരിപാടി അരങ്ങേറും.

പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുള്ള ബിരുദ കോഴ്‌സുകൾക്കു പ്രവേശനം നേടിയ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള നൂറു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല സ്കോളർഷിപ് ആവിഷ്കരിച്ചിരിക്കുന്നത്. കോഴ്സ് കഴിയുന്നതു വരെ എല്ലാമാസവും ആയിരത്തിയഞ്ഞുറ് രൂപ വിദ്യാർഥികളുടെ ബാങ്ക്  അക്കൗണ്ടിലേക്ക് ഡയറക്ട് ഡെപോസിറ്റ് ചെയ്യും വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മെന്റർഷിപ്പും പദ്ധതിയുടെ ഭാഗമാണ്.

അല കെയറിനും അല അക്കാദമിക്കും ശേഷം ഈ വർഷം നടപ്പിലാക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് അല സ്‌കോളർഷിപ്പ്. കൂടുതൽ വിവരങ്ങൾ അലയുടെ വെബ്‌സൈറ്റിൽ (https://artloversofamerica.org/scholarshipDonation) ലഭ്യമാണ്.

You may also like

Leave a Comment

You cannot copy content of this page