ഇല്ലിനോയ്സ് (യോർക്ക് വില്ലി) :- യോർക്ക് വില്ലി പ്ലാനോ ബാറിൽ മദ്യപിച്ചു ബഹളം വെച്ച മറീൻ വെറ്ററൻ ലോഗൻ ബ്ലാന്റിനെ സുരക്ഷാ ജീവനക്കാർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ശരീര ഭാഗത്തിന് തളർച്ച ബാധിച്ചതിന് നഷ്ടപരിഹാരമായി 41 ബില്യൻ ഡോളർ നൽകണമെന്ന് ജൂറി വിധിച്ചു. കൗണ്ടിയുടെ ചരിത്രത്തിൽ ഇത്രയും വലിയ നഷ്ടപരിഹാരം നൽകുന്ന ആദ്യ കേസാണിത്.
2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലോഗൻ ബാറിലെത്തി മദ്യപിക്കുകയും അവിടെയുള്ള വരുമായി തർക്കിക്കുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചു. ഇതിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ലോഗനെ കൈയിലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.
വീഴ്ചയിൽ കഴുത്തിലെ കശേരു തകർന്ന് അരക്കു താഴെ തളരുകയും ചെയ്തു. കഴിഞ്ഞ ആറു വർഷമായി വീൽ ചെയറിൽ കഴിയുന്ന ലോഗനെ ശുശ്രൂഷിക്കുന്നതിന് ഒരു ഫുൾ ടൈം കെയർ ടേക്കറെ നിയമിക്കേണ്ടതുണ്ടെന്നും ഭാവിയിൽ ജോലി ചെയ്ത് ജീവിക്കാനാകില്ലെന്നും ജൂറി കണ്ടെത്തി.
ബാറിൽ താൻ ബഹളം വെച്ചിട്ടില്ലെന്ന് ലോഗൻ കോടതിയിൽ വാദിച്ചുവെങ്കിലും തർക്കം ഉണ്ടായതായി സമ്മതിച്ചു. തന്റെ കക്ഷിയെ ഇത്രയും ക്രൂരമായി പുറത്തേക്കു വലിച്ചെറിയേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അറ്റോർണിയും വാദിച്ചു.
ആദ്യം ജൂറി 51 മില്യനാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതെങ്കിലും അവിടെ ഉണ്ടായ സംഭവങ്ങൾക്ക് ലോഗനും ഉത്തരവാദിയാണെന്ന് ജൂറിക്ക് ബോധ്യപ്പെടുകയും നഷ്ടപരിഹാരത്തുക 41മില്യനായി കുറക്കുകയും ചെയ്തു.
റിപ്പോർട്ട് : പി.പി.ചെറിയാന്‍