വാഷിംഗ്ടണ്‍: ക്യൂബന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ രാജ്യത്താകമാനം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടന്നു വരുന്നതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് സമരം ചെയ്യുന്നവര്‍ക്കു അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ജൂലായ് 12 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ക്യൂബന്‍ ജനതക്ക് സമാധനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും, ജനങ്ങളെ ഭരിക്കേണ്ടതു ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനുള്ള അവകാശങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് പ്രസ്താവനയില്‍ ബൈഡന്‍ ചൂണ്ടികാട്ടി.
ജനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ക്യാബന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.
പാന്‍ഡമിക്കിന്റെ സാഹചര്യത്തില്‍ ക്യൂബന്‍ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും, ദശാബ്ദങ്ങളായി ജനതയെ അടിച്ചമര്‍ത്തുന്നതിനും, സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കുന്ന ക്യൂബന്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ സമൂലമാറ്റം ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു.
കൂബന്‍ ഗവണ്‍മെന്റിനെതിരെ ജൂലായ് 11 ഞായറാഴ്ചയാണ് ആയിരങ്ങള്‍ അണിനിരന്ന പ്രകടനം ഹവാനയുടെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറിയത്. ഇതിനെ തുടര്‍ന്ന് ക്യൂബന്‍ ഐലന്റിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. നൂറുകണക്കിന് ആളുകളെ പോലീസ് അറസ്റ്റു ചെയ്തു. പലയിടങ്ങളിലും പോലീസും, പ്രകടനനകാരുമായി ഏറ്റുമുട്ടി. കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരണം അവസാനിപ്പിക്കണമെന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത്.
റിപ്പോർട്ട് : പി.പി.ചെറിയാന്‍