ടെക്‌സസ്: ഹൂസ്റ്റണ്‍ ഓയില്‍ റിഫൈനറി ഹബായി ഈസ്റ്റ് കോസ്റ്റിലേക്ക് വിതരണം നടത്തിയിരുന്ന 5500 മൈല്‍ ദൈര്‍ഘ്യമുള്ള പൈപ്പുലൈന്‍ കംപ്യൂട്ടര്‍ സിസ്റ്റത്തിനെതിരെ സൈബര്‍ അക്രമണം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ടെക്‌സ്, ന്യൂജേഴ്‌സി തുടങ്ങിയ ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ ഗ്യാസ് വില കുതിച്ചുയരുന്നു.
കഴിഞ്ഞവാരം 2.50 ഗ്യാലന് വിലയുണ്ടായിരുന്ന ഗ്യാസിന് മെയ് 9 ഞായറാഴ്ച 3 ഡോളറായി വര്‍ദ്ധിച്ചു. തകരാറുകള്‍ ശരിയാക്കി ഈ വാരാന്ത്യം വിതരണം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും ഗ്യാസ് വില വരും ആഴ്ചകളില്‍ വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
ഗ്യാസൊലിന്‍, ഡീസല്‍, ജെറ്റ്ഫ്യുവല്‍ എന്നിവക്കാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക് സൈഡാണ് സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കമ്പനി മുന്‍ സീനിയര്‍ സൈബര്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറുകളായി ഗ്യാസ് വിതരണം പുന:സ്ഥാപിക്കുന്നതിനും, പൈപുലൈനിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന് കൊളോണിയല്‍ പൈപ് ലൈന്‍ കമ്പനി വക്താവ് പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി, എഫ്.ബി.ഐ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി എന്നീ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കമ്പനിയുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസും പ്രത്യേക ഒരു സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗ്യാസിന്റെ വില ഗ്യാലന് നാലുഡോളര്‍ വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിപ്പ്.
റിപ്പോർട്ട് : പി.പി.ചെറിയാന്‍