അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി – സതീശന്‍ നായര്‍

by admin
Picture
ചിക്കാഗോ: ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ, യു.എന്നിലെ 34-കാരിയായ ഇന്ത്യന്‍ – കനേഡിയന്‍ ഓഡിറ്റ് കോര്‍ഡിനേറ്ററായ അറോറ അകാന്‍ഷാ 2021-ലെ ഐക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പില്‍ യു.എന്‍ സെക്രട്ടറി ജനറലായി മത്സരിക്കുവാന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിത എന്നതിനു പുറമെ യു.എന്നില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയുമാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ 76 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും, ആദ്യത്തെ വനിതാ സെക്രട്ടറി ജനറലുമായിരിക്കും അറോറ.
അഭയാര്‍ത്ഥികളുടെ കുടുംബത്തില്‍ നിന്നുമാണ് അവര്‍ വരുന്നത്. ഇന്ത്യയില്‍ ജനിച്ച ഇവര്‍ ഇന്ത്യയിലും സൗദി അറേബ്യയിലും വളര്‍ന്ന് കാനഡയില്‍ സ്ഥിരതാമസമാക്കി. 2017-ലെ യു.എന്നിന്റെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെ നിയമിച്ചു. അതിനു മുമ്പ് ടൊറന്റോയിലെ പി.ഡബ്ല്യു.സി മാനേജരായിരുന്നു. ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ ഓഡിറ്റ് പ്രഫസറായിരുന്നു. കൂടാതെ കാനഡയ്ക്കും അന്തര്‍ദേശീയ തലത്തിലും ഓഡിറ്റ് സ്റ്റാന്‍ഡേര്‍ഡുകള്‍ എഴുതി. കാനഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ധനസഹായത്തെക്കുറിച്ച് ഓഡിറ്റ് ഗൈഡുകള്‍ എഴുതി. 2021 ഫെബ്രുവരി ഒമ്പതിന് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തന്റെ പ്രചാരണം പരസ്യമായി പ്രഖ്യാപിച്ചു.
“ലോകത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം നിറവേറ്റാനും, എല്ലാവര്‍ക്കുമായി ഐക്യരാഷ്ട്ര സഭയ്ക്ക് പ്രവര്‍ത്തിക്കുവാനും കഴിയണം. അതിനുവേണ്ടിയാണ് ഞാന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന്’ അവര്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭ ലിംഗ സമത്വം പറയുന്നുവെങ്കിലും കഴിഞ്ഞ 76 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിതാ സെക്രട്ടറി ജനറലിനെ ലഭിച്ചിട്ടില്ല. അറോറ അകാന്‍ഷയുടെ സ്ഥാനാര്‍ത്ഥിത്വം ഒരു മാറ്റത്തിനു തുടക്കംകുറിക്കുമെന്ന് പ്രത്യാശിക്കാം.

You may also like

Leave a Comment

You cannot copy content of this page