ഹണ്ടസ് വില്ല:(ടെക്‌സസ്): ടെക്‌സസില്‍ കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്‍ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു.
ഫോര്‍ട്ട് വര്‍ത്ത് : മെയ് 19 ബുധനാഴ്ച വൈകീട്ട് 83 വയസ്സുള്ള ആന്റിയെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്വിന്റില്‍ ജോണ്‍സിന്റെ വധശിക്ഷയാണ് ഹണ്ടസ് വില്ലാ ജയിലില്‍ നടപ്പാക്കിയത്.
1999 ല്‍ 22 വര്‍ഷം മുമ്പാണ് സംഭവം. മയക്കുമരുന്ന് വാങ്ങുന്നതിന് 30 ഡോളര്‍ ആന്റിയോടു ചോദിച്ചുവെങ്കിലും നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പേഴ്‌സില്‍ നിന്നും ബലമായി 30 ഡോളര്‍ എടുക്കുകയും, തടുത്ത അമ്മൂമ്മയെ ബാറ്റു കൊണ്ടു തലയ്ക്കടിക്കുകയുമായിരുന്നു. 2001 ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.
22 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ താന്‍ തികച്ചും വ്യത്യസ്തനായ മനുഷ്യനായെന്നും, വധശിക്ഷ ഒഴിവാക്കണമെന്നും അറ്റോര്‍ണി മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അമ്മൂമ്മയുടെ സഹോദരിയും ജോണ്‍സിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍സ് ചൊവ്വാഴ്ച പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിനോട് വധശിക്ഷ മുപ്പതു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും പരിഗണിക്കപ്പെട്ടില്ല.
ഗ്രേഗ് ഏബട്ട് 2015 ല്‍ ഗവര്‍ണ്ണര്‍ പദവി ഏറ്റെടുത്തതിന് ശേഷം 50 ല്‍ പരം വധശിക്ഷകളാണ് ടെക്‌സസ്സില്‍ നടപ്പാക്കിയത്.
ചൊവ്വാഴ്ച ജോണ്‍സിന്റെ ക്ലമന്‍സി അപേക്ഷ തള്ളിയതോടെ വധശിക്ഷക്കെതിരെ ഹണ്ട്‌സ് വില്ല ജയിലിനു പുറത്തു നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.
റിപ്പോർട്ട് : പി.പി.ചെറിയാന്‍