കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഏക കോൺഗ്രസ് അംഗമായ വി എം ജോണി പിന്തുണക്കുമെന്നുള്ള പ്രസ്താവനയോട് യു ഡി എഫിന്റെയും കോൺഗ്രസിന്റെയും അഭിപ്രായം വ്യക്തമാക്കണമെന്ന് സി പി എം ഏരിയ സെക്രട്ടറി കെ കെ അബീദലിയും സി പി ഐ മണ്ഡലം സെക്രട്ടറി പി പി സുഭാഷും അവശ്യപ്പെട്ടു. വർഗീയ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സാഹചര്യത്തിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ നോക്കുന്ന ബി ജെ പി യുമായി കൈകോർക്കുവാനുള്ള തീരുമാനം അപഹാസ്യമാണെന്നും ഇക്കാര്യത്തിൽ മത നിരപേക്ഷ നിലപാട് സ്വീകരിക്കുന്ന നഗരസഭ പ്രദേശത്തടക്കമുള്ള മുഴുവൻ ജനങ്ങളും ഈ കൂട്ടുകെട്ടിനെതിരെ രംഗത്ത് വരണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ നിലപാടിനെതിരെ പതിനെട്ടാം തിയ്യതി നടക്കുന്ന മനുഷ്യ ചങ്ങലയടക്കമുള്ള പരിപാടികൾ വിജയിപ്പിക്കുവാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.