മേയ് നാലു മുതല്‍ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

by admin

തിരുവനന്തപുരം : മേയ് നാലു മുതല്‍ 9 വരെ കേരളത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറത്തിറക്കും.

ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് ഉറപ്പു വരുത്തും. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോള്‍ത്തനെ ആഭ്യന്തര സെക്രട്ടറിയും  ആരോഗ്യ സെക്രട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.  വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ചുമതലപ്പെടുത്തി.

ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഓക്‌സിജന്‍ എമര്‍ജന്‍സി വെഹിക്കിള്‍ എന്ന സ്റ്റിക്കര്‍ പതിക്കണം. വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.  തിരക്കില്‍ വാഹനങ്ങള്‍ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാന്‍ ഇത് പോലീസിനെ സഹായിക്കും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ഉത്പാദകരുടേയും പെസോയുടേയും യോഗം നടന്നു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യത മോണിറ്റര്‍ ചെയ്യാന്‍ ഹോം സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു.

പോലീസ്, ആരോഗ്യം, ഗതാഗതം,  വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോയില്‍ നിന്നും ഉള്ള നോമിനികള്‍ ഉള്‍പ്പെട്ട ‘ഡെഡിക്കേറ്റഡ് ഓക്‌സിജന്‍ വാര്‍ റൂമുകള്‍ ‘ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും.

ഓക്‌സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായകമാകും. ഒരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്റ്റോക്കിന്റെ കണക്കുകള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതം. സീരിയല്‍, സിനിമ, ഡോക്കുമെന്ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌ക്കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയുറയും ഉപയോഗിക്കണം. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

ചില സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വയസ്സ് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാക്‌സിന്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ചില ബാങ്കുകളുടെ ഏതാനും ശാഖകള്‍ ഈ സമയത്തിനു ശേഷവും പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുന്നു. രണ്ട് മണിക്ക് ശേഷം ടാര്‍ഗറ്റ് നിശ്ചയിച്ച് ജീവനക്കാരെ  പുറത്തേക്ക് ക്യാന്‍വാസിംഗിന്  അയക്കുന്നതും  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്  ശരിയായ നടപടിയല്ല.

കോവിഡ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരെ ബീറ്റ്, പട്രോള്‍, ക്വാറന്റീന്‍ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളന്റിയര്‍മാരുടെ സേവനം വിലയിരുത്തി  പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്യാഷ് റിവാര്‍ഡും നല്‍കും. ജനമൈത്രി വോളന്റിയര്‍മാരെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ആം ബാഡ്ജ് നല്‍കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

You may also like

Leave a Comment

You cannot copy content of this page