കോവിഡ് വ്യാപനം: പോലീസ് പരിശോധന ശക്തം

by admin

post

പത്തനംതിട്ട : സംസ്ഥാനത്ത് ഈ മാസം 9 വരെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് നടപടി ശക്തം. പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍  ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയതായി  ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഞായര്‍ വരെ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നും അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കുന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും പോലീസ് നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്.

ലംഘകര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ക്കശമായ നിയമനടപടികള്‍ എടുത്തുവരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.  വേണ്ടിവന്നാല്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും മറ്റും സമയക്ലിപ്തത പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. സത്യവാങ്മൂലമോ മതിയായ രേഖകളോ തിരിച്ചറിയല്‍ കര്‍ഡുകളോ ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും ഒരുത്തരത്തിലുള്ള ലംഘനങ്ങളും അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ആകെ 457 കേസുകള്‍ രജിസ്റ്റര്‍ ചെയുകയും 459 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, 6 കടകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. മാസ്‌ക് വയ്ക്കാത്തതിന് ഈ ദിവസങ്ങളിലായി 3800 ആളുകള്‍ക്ക് നോട്ടീസ് കൊടുക്കുകയോ പെറ്റികേസ് ചാര്‍ജ് ചെയ്യുകയോ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 2657 പേര്‍ക്കെതിരെ പെറ്റി കേസ് എടുത്തു. ലംഘനങ്ങള്‍ക്കെതിരെയും ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page