പരമാവധി ഓക്‌സിജന്‍ ബെഡുകള്‍ സജജമാക്കുന്നതിന് മുന്‍ഗണന നല്‍കണം : മുഖ്യമന്ത്രി

by admin

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓരോ ജില്ലകളിലും പരമാവധി ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി നിര്‍ദേശിച്ചു. എറണാകുളം ജില്ലയില്‍ ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ 500 ഓക്‌സിജന്‍ ബെഡുകളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ 1000 ഓക്‌സിജന്‍ ബെഡുകളും ക്രമീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇത് അതിവേഗം നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ അധികമായി 400 നഴ്‌സുമാരെ നിയമിച്ച നടപടി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സത്വര നടപടികളാണ് ആവശ്യം. ഓരോ ജില്ലകളിലും ആവശ്യമായ ബെഡുകള്‍ മിച്ചമുണ്ടെന്ന് കളക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ഓരോ മണിക്കൂറിലും ലഭ്യമാക്കണം.

ബിപിസിഎല്ലില്‍ റിഫൈനറി സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള കോപ്പര്‍ പൈപ്പ് ലൈനിംഗ് ജോലികളാണ് പുരോഗമിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 40 ഐസിയുകള്‍ സജ്ജമാക്കുന്നുണ്ട്. പിഎച്ച്‌സി, സിഎച്ച്‌സി എന്നിവിടങ്ങളില്‍ 400 ഓക്‌സിജന്‍ ബെഡുകളും സജ്ജമാക്കുന്നുണ്ട്. ഇതില്‍ 80 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തുന്നതിനായി ഇന്‍സിഡെന്റ് കമാന്‍ഡര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന പരിശോധന നടപ്പാക്കുമെന്ന് ജില്ലാ പോലീസ് കമ്മീഷന്‍ നാഗരാജു ചക്കില്ലം യോഗത്തില്‍ അറിയിച്ചു. അനാവശ്യമായി നിരത്തലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന പോലീസുകാര്‍ക്കായി ഒരു സിഎഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാര്‍ഡ്തല സമിതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കും. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്‌തെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രോഗചികിത്സയോടൊപ്പം ബെഡുകളുടെ ലഭ്യത, ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളെ യഥാസമയം ആശുപത്രിയിലേക്ക് മാറ്റുക തുടങ്ങിയ കോവിഡ് മാനേജ്‌മെന്റ് സംവിധാനവും ഏറെ പ്രാധാന്യത്തോടെ നടപ്പാക്കണം. ഇത് ജില്ലാതലത്തില്‍ നടപ്പാക്കണം. ജില്ലകളില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലഖിലുള്ള ഓക്‌സിജന്‍ ടാങ്കുകളെക്കുറിച്ചുള്ള കൃത്യമായ കണക്ക് ഉടന്‍ ശേഖരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പള്‍സ് ഓക്‌സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്ക അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കും. വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. ജില്ലകളില്‍ ആംബുലന്‍സുകളുടെ അഭാവമുണ്ടെങ്കില്‍ പകരം വാഹനങ്ങള്‍ ക്രമീകരിക്കണം. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കു പുറമേ ജില്ലാ പോലീസ് കമ്മീഷണര്‍മാര്‍, റൂറല്‍ എസ്പിമാര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡോ. ബി. ഇക്ബാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, മിനി ആന്റണി, ശാരദ മുരളീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നിന്ന് ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡിഎസ്ഒ ഡോ. എസ്. ശ്രീദേവി, ആലുവ റൂറല്‍ എസ് പി കെ. കാര്‍ത്തിക് എന്നിവരും പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page