കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസിയാക്കിയ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള സി എഫ് എല്‍ ടി സി യാണ് സ്പോര്‍ട്സ് ഹോസ്റ്റലിലേത്.
ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിക്കാവശ്യമായ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും യോഗത്തില്‍ തീരുമാനമായി. പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സംവിധാനമൊരുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവൃത്തിയില്‍ അലംഭാവം കാട്ടുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ കരാറുകാര്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലാണിത്. പത്തംഗ എസ് പി സി എ മാനേജ്‌മെന്റ് കമ്മിറ്റി, ആയുര്‍വേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങള്‍ക്ക് എച്ച് എംസികള്‍, ജില്ലാ സാക്ഷരതാ സമിതി എന്നിവ രൂപീകരിച്ചു. സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടെ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി യോഗം അംഗീകരിച്ചു. ടെന്‍ഡറുകള്‍ക്ക് അംഗീകാരം നല്‍കി.