ജാതി സംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തിനുവേണ്ടിയുള്ള സംവരണമാണ് നിലനിര്‍ത്തേണ്ടത് : ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

by admin

Picture

കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍.
ജാതിക്കും മതത്തിനും അതീതമായി, ഇന്ത്യയിലെ സാമ്പത്തിക ദുര്‍ബല വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവരെ പൊതുസമൂഹം പുറന്തള്ളും. പതിറ്റാണ്ടുകളായി ജാതിവ്യവസ്ഥകളെ മുറുകെപ്പിടിച്ചു നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയവും ജാതിസംവരണങ്ങളും നമ്മെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് പുനര്‍ചിന്ത നടത്തണം. ജാതിസംവരണത്തിന്റെ മറവില്‍ കേരളത്തില്‍ മാത്രം നടപ്പിലാക്കിയിരിക്കുന്ന മതസംവരണം റദ്ദുചെയ്യാനുള്ള ആര്‍ജവത്വം കാണിക്കാത്തത് രാഷ്ട്രീയ അടിമത്വമാണ്. ഇതിനെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത് കാണാതെ പോവരുത്.
നിലവില്‍ ഒരു സംവരണങ്ങളുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാമ്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിര്‍വഹിക്കുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനില്‍ക്കുന്നതും ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്.
ഇന്ത്യയിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സവരണത്തെ മുന്നാക്ക സംവരണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തില്‍ മാത്രമാണ്.  ഭരണഘടനാഭേദഗതിയില്‍ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നുള്ളത്. എന്നിട്ടും സര്‍ക്കാര്‍ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകണം.
പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ പോലും സമൂഹത്തിലെ സാമ്പത്തിക ദുര്‍ബലരും പാവപ്പെട്ടവരും ദരിദ്രരുമായ ജനവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ അധിക്ഷേപിച്ച് പ്രാകൃതമായ ജാതിമത സംവരണത്തിന് ആധുനിക കാലഘട്ടത്തിലും കുടപിടിക്കുന്നത് സാക്ഷര സമൂഹത്തിന് അപമാനകരമാണ്. ജാതിമത സംവരണമല്ല ജാതിക്കും മതത്തിനും അതീതമായി സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും അനാഥര്‍ക്കും ദരിദ്രരും പാവപ്പെട്ടവരുമായ ജനവിഭാഗത്തിനുമുള്ള സാമ്പത്തിക സംവരണമാണ് രാജ്യത്തു വേണ്ടതെന്ന് തിരിച്ചറിഞ്ഞ് പൊതുസമൂഹവും പുരോഗമന വാദികളും പ്രബുദ്ധരുമായ രാഷ്ട്രീയ നേതൃത്വങ്ങളും പ്രതികരിക്കാന്‍ മുന്നോട്ട് വരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

You may also like

Leave a Comment

You cannot copy content of this page