കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍

by admin

post

മലപ്പുറം: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങേണ്ട.  കേവലം ഒരു ഫോണ്‍ കോളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാം. ‘സേവനം വാതില്‍പ്പടിയില്‍’ എന്ന പദ്ധതി  തിരൂര്‍ കെ.എസ്.ഇ.ബി സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന മറ്റ് 31 സെക്ഷനുകളില്‍ കൂടി മെയ് ഒന്നു മുതല്‍ നടപ്പിലാക്കി കഴിഞ്ഞതായി തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അബ്ദുള്‍ കലാം അറിയിച്ചു.

പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍  ഇതിലൂടെ ലഭ്യമാകും. 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും സേവനങ്ങള്‍ ഉറപ്പാക്കാവുന്നതാണ്.  കെ.എസ്.ഇ.ബി ജീവനക്കാര്‍ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് അറിയിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുകയും ചെയ്യും. സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അപേക്ഷയും അനുബന്ധ രേഖകളും ബോര്‍ഡ് ജീവനക്കാര്‍ ഉപഭോക്താവിന്റെ വീട്ടിലെത്തി കൈപ്പറ്റും. ഇതിന് ആവശ്യമായ അപേക്ഷാ ഫീസും ചിലവും ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുക അടയ്ക്കുന്നതോടെ ഉപഭോക്താവ് ആവശ്യപ്പെടുന്ന സേവനം വേഗത്തില്‍ ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍വഹിച്ചിരുന്നു. തിരൂര്‍ സര്‍ക്കിളിലെ എല്ലാ സെക്ഷനുകളിലും പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആറര ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡിന്റെ രൂക്ഷത കണക്കിലെടുത്തു ഉപഭോക്താക്കള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page