ഹോം ഡെലിവറിയ്ക്കായി സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു

by admin

post

തിരുവനന്തപുരം: കോവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.

   ഫോണ്‍വഴിയോ വാട്ട്‌സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീ വീടുകളില്‍ എത്തിച്ചു നല്‍കും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓര്‍ഡറുകള്‍ സ്വീകരിച്ച് ഉച്ച കഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓര്‍ഡറില്‍ പരമാവധി 20 കിലോവരെയുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ ഹോം ഡെലിവറി. നിലവില്‍ സപ്ലൈകോയുടെ സംസ്ഥാനത്തെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ സൗകര്യമുണ്ട്. അതതുകേന്ദ്രങ്ങളിലെ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ സന്ദേശം വഴിയോ ഓര്‍ഡര്‍ നല്‍കാം. ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ വിവരവും ഫോണ്‍ നമ്പരും സപ്ലൈകോ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിതരണകേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചുമുതല്‍ 10 കിലോമീറ്റര്‍ വരെ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്. സാധനങ്ങളുമായി വീട്ടിലെത്തുന്ന കുടുംബശ്രീ അംഗത്തിനാണ് ബില്‍ത്തുക നല്‍കേണ്ടത്. നിലവില്‍ ഓരോ സപ്ലൈകോ ഔട്ട്‌ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് ഹോം ഡെലിവറിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓര്‍ഡറുകള്‍ വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page