അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി

by admin

post

ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് 

തിരുവനന്തപുരം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം (Deep Depression) കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചു ടൗട്ടെ (Tauktae) ചുഴലിക്കാറ്റായി മാറി.

ചുഴലിക്കാറ്റ് 15 മെയ് 2021 ന് പുലര്‍ച്ചെ 2.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തി.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യും.

 

You may also like

Leave a Comment

You cannot copy content of this page