ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍; 73 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

by admin

post

16 ഭക്ഷണവിതരണ ക്യാമ്പുകളും തുടങ്ങി

ആലപ്പുഴ: കനത്തമഴയും കടല്‍ക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. 73 കുടുംബങ്ങളിലെ 219 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 89 പുരുഷന്‍മാരും 87 സ്ത്രീകളും 43 കുട്ടികളുമുണ്ട്.

ചേര്‍ത്തല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തങ്കി സെന്റ് ജോര്‍ജ് എല്‍.പി.എസിലെ ക്യാമ്പില്‍ 20 കുടുംബങ്ങളാണുള്ളത്. 25 പുരുഷന്‍മാരും എട്ട് സ്ത്രീകളും അടക്കം 33 പേരുണ്ട്.

മാരാരിക്കുളം വടക്ക് ചേന്നവേലി സെന്റ് തോമസ് എല്‍.പി.എസില്‍ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്.

മാവേലിക്കര താലൂക്കില്‍ രണ്ടു ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവണ്‍മെന്റ് എല്‍.പി.എസില്‍ എട്ടു കുടുംബങ്ങളിലെ 23 പേരും മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്.

അമ്പലപ്പുഴ താലൂക്കില്‍ നാലു ക്യാമ്പുകളാണുള്ളത്. അമ്പലപ്പുഴ പുന്തല എസ്.വി.എസ്. കരയോഗത്തില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂര്‍ കോവില്‍പറമ്പിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവണ്‍മെന്റ് സി.വൈ.എം.എ. സ്‌കൂളില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്.

കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്നു ക്യാമ്പാണുള്ളത്. തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പില്‍ അഞ്ചു കുടുംബങ്ങളിലെ 19 പേരും ആറാട്ടുപുഴ അഴീക്കല്‍ സുബ്രഹ്‌മണ്യ ക്ഷേത്രം കെട്ടിടത്തില്‍ ഒരു കുടുംബത്തിലെ രണ്ടുപേരും മംഗലം ഗവണ്‍മെന്റ് എല്‍.പി.എസിലെ ക്യാമ്പില്‍ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്.

ഇതുകൂടാതെ ജില്ലയില്‍ 16 ഭക്ഷണവിതരണ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 549 കുടുംബങ്ങളിലെ 1887 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലാണ് ഭക്ഷണവിതരണ ക്യാമ്പുകള്‍ ആരംഭിച്ചത്.

 

 

 

You may also like

Leave a Comment

You cannot copy content of this page