സംസ്ഥാനത്ത് പൊതുവിൽ ആക്റ്റീവ് കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകൾ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.
മെയ് 1 മുതൽ 8 വരെ നോക്കിയാൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിൽ എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാൽ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയിൽ 23 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
ലോക്ഡൗണിനു മുൻപ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കർഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണ് പൊതുവിൽ ആക്ടീവ് കേസുകൾ കുറയുന്നത്. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതൽ ഒന്നര ആഴ്ച വരെ മുൻപ് ബാധിച്ചതായതിനാൽ ലോക്ക്ഡൗൺ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാനാകും.
ഇപ്പോൾ കാണുന്ന ഈ മാറ്റം ലോക്ഡൗൺ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ലോക്ക്ഡൗണിന്റെ തുടർന്നുള്ള ദിവസങ്ങൾ കൂടെ ഈ ജാഗ്രത തുടർന്നുകൊണ്ട് മുന്നോട്ടുപോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗൺ വിജയിക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിവരുന്നു.
നിരത്തുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾ പൊതുവേ ട്രിപ്പിൾ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. എന്നാലിത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല. ഓക്സിജൻ മൂവ്മെൻറ് നന്നായി നടക്കുന്നു. വല്ലാർത്ത് പാടത്ത് വന്ന ഓക്സിജൻ എക്സ്പ്രസിലെ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ അത് പൂർത്തിയായിട്ടുണ്ട്. അവർക്ക് വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മർദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്ടീവ് കോവിഡ് കേസുകളിൽ കുറവുണ്ടായത് ആശ്വാസകരം – മുഖ്യമന്ത്രി
previous post