മഴയും കാറ്റും കടൽക്ഷോഭവും; ആലപ്പുഴയിൽ 30 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ

by admin

– കാർഷികമേഖലയിൽ 14.89 കോടിയുടെ നഷ്ടം
– മത്സ്യബന്ധനമേഖലയിൽ 4.26 കോടിയുടെ നഷ്ടം

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയിൽ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ആറു താലൂക്കുകളിലായി 30 വീടുകൾ പൂർണമായും 650 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ നശിച്ചതുമൂലം 4.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാർഷികമേഖലയിലാണ് കൂടുതൽ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 14.89 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. 477 ഹെക്ടറിലെ നെൽകൃഷിയും 787.84 ഹെക്ടറിലെ പച്ചക്കറി കൃഷിയും 12.1 ഹെക്ടറിലെ മറ്റു കൃഷികളും നശിച്ചു. പത്ത് പാടശേഖരങ്ങളിൽ മടവീണു. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങൾ കടപുഴകിയും നഷ്ടമുണ്ട്. ക്ഷീരമേഖലയിൽ 65.06 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഒമ്പതു കന്നുകാലികൾ ചത്തു. 17 കന്നുകാലി ഷെഡ്ഡുകൾ പൂർണമായും 203 എണ്ണം ഭാഗികമായും തകർന്നു. മത്സ്യബന്ധന മേഖലയിൽ ഒമ്പതു വള്ളങ്ങൾ പൂർണമായും 29 എണ്ണം ഭാഗികമായും നശിച്ചു. 78 പേരുടെ വല നഷ്ടപ്പെട്ടു. 681.97 ഹെക്ടറിലെ മത്സ്യകൃഷിയെയും ബാധിച്ചു. മേഖലയിൽ 4.26 കോടി രൂപയുടെ നഷ്ടമുണ്ടായി.
പൊതുമരാമത്തുവകുപ്പിന്റെ 22 കിലോമീറ്റർ റോഡ് തകർന്നു. 1.61 കോടി രൂപയുടെ നഷ്ടമുണ്ടായി. കെ.എസ്.ഇ.ബി.ക്ക് ആലപ്പുഴ സർക്കിളിൽ 2.46 കോടി രൂപയുടെയും ഹരിപ്പാട് സർക്കിളിൽ 1.54 കോടി രൂപയുടെയും നഷ്ടമുണ്ടായി. 310.4 കിലോമീറ്റർ നീളത്തിൽ ഇലക്ട്രിക് ലൈനുകൾ നശിച്ചു. 672 പോസ്റ്റുകളും അഞ്ചു ട്രാൻസ്‌ഫോമറുകളും തകരാറിലായി.

You may also like

Leave a Comment

You cannot copy content of this page