സാമുദായീക സന്തുലന പരിപാലന യജ്ഞം – ഒരു കോൺഗ്രസ്സ് അപാരത : അഡ്വ. ജോജി ജോർജ്ജ് ജേക്കബ് 

by admin

ഒരു ഞെട്ടലിൽ നിന്നും മുക്തമാകുനതിനു മുൻപേ  അടുത്തത് കിട്ടുന്നത്  വിധിയുടെ ക്രൂരതയാണ്. ഈ ക്രൂരതയാണ് കോൺഗ്രസ്സ്  പാർട്ടി നേരിടേണ്ടി വന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം നടു നിവർത്തുന്നതിനുമുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി. ആദ്യത്തെതിൽനിന്നും പാഠം ഉൾകൊള്ളുമെന്ന് പറഞ്ഞവർ യഥാർത്ഥ പാഠം ഉൾക്കൊണ്ടില്ല എന്നുവേണം കരുതാൻ. അതല്ലെങ്കിൽ, ഒത്തിരി പഠിക്കുന്നവൻ യാഥാർഥ്യത്തിൽനിന്നും ഒരുപാട് അകലെയായിരിക്കും എന്നതാകാനും വഴിയുണ്ട്. എന്തായാലും എത്രയൊക്കെ പഠിച്ചാലും പഠിച്ചില്ലെങ്കിലും കോൺഗ്രസ്സ് ഇനിയും പഠിക്കാത്ത ഒരു പാഠമാണ് മതേതരത്വം എന്ന വസ്തുത.

കോൺഗ്രസ്സിൽ ഹൈക്കമാൻഡ് എന്ന വാക്കിന് ശേഷം ഏറ്റവും  കൂടുതൽ അത്യന്താപേക്ഷിതമായ വാക്കാണ് equation എന്ന വാക്ക്. ഈ പാർട്ടിയിൽ ഭാരവാഹി പട്ടിക മുതൽ സ്ഥാനാർഥി പട്ടികവരെ ശുപാർശ ചെയ്യുന്നതിന്റെയും അംഗീകരിക്കപ്പെടുന്നതിന്റെയും ഒരേ ഒരു മാനദണ്ഡമാണ് equation എന്നത്.  ഈ വാക്കിന്റെ അർഥം അറിയാം എന്ന് സത്യവാങ്മൂലം കൊടുത്താൽ മാത്രമാണ് പാർട്ടിയിലെ രണ്ടുരൂപ അംഗത്വം കിട്ടുകയുള്ളൂ എന്ന്പോലും സംശയമുണ്ട് .  എന്താണ് കോൺഗ്രസ് പാർട്ടിയിൽ  equation എന്നാൽ? മതപരവും സമുദായപരവുമായ സന്തുലനാവസ്ഥ നിലനിർത്തുന്നതിന്റ്റെ ഒറ്റ വാക്കാണ് equation എന്നത്. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ, കെ പി സി സി പ്രിസിഡന്റ് ഹിന്ദുവാണെങ്കിൽ പ്രതിപക്ഷനേതാവ് മുസ്ലിം ആയിരിക്കണം . അങ്ങനെയെങ്കിൽ  യു ഡി എഫ് കൺവീനർ ക്രിസ്ത്യാനി ആയിരിക്കണം. ഇതിനെയാണ് equation എന്ന് പറയുന്നത്. കേൾക്കുമ്പോൾ നിസാരമായ ഒരു വാക്കെന്നു  തോന്നും. എന്നാൽ ഈ equation സിദ്ധാന്തത്തിന്റെ മുമ്പിൽ കഴിവ് , സമർപ്പണം, ജനങ്ങളുടെ അംഗീകാരം നേത്രത്വ ഗുണം എന്നിവയൊന്നും  ഒന്നുമല്ല. ഈ പറഞ്ഞ മാനദണ്ഡങ്ങൾക്കനുസരിച്ച്‌  ഒരു ലിസ്റ്റ് എപ്പോഴെങ്കിലും ഉണ്ടായാൽത്തന്നെ equation ഭീകരൻ അവസാനം രംഗപ്രവേശനം ചെയ്ത്  എല്ലാത്തിനെയും നശിപ്പിക്കും. ചുരുക്കി പറഞ്ഞാൽ കോൺഗ്രസിൽ ഒരു പദവിയിലേക്ക് ഒരാൾക്ക് എത്തണമെങ്കിൽ, എന്തിനെങ്കിലും വേണ്ടി പരിഗണിക്കപ്പെടണമെങ്കിൽ, മതവും ജാതിയും മാത്രമാണ് മാനദണ്ഡം എന്ന സ്ഥിതി എത്തിയിരിക്കുന്നു. പരിഗണിക്കപ്പെടുന്നതിന്റെയും തള്ളപ്പെടുന്നതിന്റെയും മാനദണ്ഡം  ഇതു മാത്രമായിരിക്കുന്നു ഇപ്പോൾ. Equation എന്ന ഇത്തിക്കണ്ണി കോൺഗ്രസ്സ് എന്ന വൻ മരത്തിൽ പടർന്നു പന്തലിച്ചപ്പോൾ അതിൽ ഞെരിഞ്ഞമർന്നു പോയത് ആ മരത്തിൻറ്റെ  കാതലായിരുന്നു- മതേതരത്വം.

ശബ്തതരാവലിയിൽ മതേതരത്വം എന്ന വാക്കിന്റെ അർഥം മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രം   എന്നാണ്. കൂടുതൽ വിശദീകരണം  ഒന്നും വേണ്ടാത്ത നിർവചനം. ഇതു മനസിലാക്കാൻ പ്രത്യകിച്ച്  വിദ്യാഭാസത്തിൻറ്റെ  ആവശ്യമൊന്നുമില്ല . ചുരുക്കി പറഞ്ഞാൽ   മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രം  ആധാരമാക്കിയിരിക്കുന്ന പാർട്ടിയുടെ പ്രസിഡൻറ്റ്,   ഭാരവാഹികൾ,  മുഖ്യമന്ത്രി, മന്ത്രി, എം ൽ എ എന്നിവ  ആകാനോ ആകാതിരിക്കാനോ ഉള്ള  പ്രധാന മാനദണ്ഡം   മതവും ജാതിയും മാത്രമായിരിക്കുന്നു  എന്നതാണ്  . എന്തൊരു വിരോധാഭാസം. പരിഷ്ക്രതമായ  ഒരു ജനസമൂഹത്തെ പച്ചക്ക് കളിയാക്കലല്ലേ  ഇത് ?  കോൺഗ്രസിന്റെ  ചരിത്രം പഠിക്കുമ്പോൾ മതേതരത്വം എന്നത്  ആലങ്കാരികമായി ഉപയോഗിച്ചിരുന്ന ഒരു വാക്കല്ല എന്ന് മനസിലാവും. മതേതരത്വം കോൺഗ്രസിന്റെ നട്ടെല്ലായിരുന്നു. അത് കൈയൊഴിഞ്ഞപ്പോൾ നട്ടെല്  പണയം വെച്ച അവസ്ഥയിൽ ഈ പാർട്ടി ആവുകയും ചെയ്തു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്. സ്വാതന്ത്രത്തേക്കാൾ വലിയ വില മതത്തിനു കൊടുത്ത് ചിലർ രാജ്യത്തെ കീറിമുറിച്ചപ്പോൾപ്പോലും  കോൺഗ്രസ്സ് മുറുകെപ്പിടിച്ച  ആദർശവും ആശയവുമാണ്  മതേതരത്വം. അതുകൊണ്ടുതന്നെ മതേതരത്വം കോൺഗ്രെസ്സെന്റ്റെ മുഖമുദ്രയാണ്. അങ്ങനെയൊരു പാർട്ടിയിലാണ് ഈ ദുർസ്ഥിതിഃ  എന്നതാണ് ഏറെ വിഷമകരം.

കോൺഗ്രസിന്റെ  ഏതെങ്കിലും ഔദ്യോഗീക സ്ഥാനത്ത്  വരുന്ന ആൾ ഒരു പ്രത്യേക  മതസ്ഥനായിരിക്കുന്നതുകൊണ്ട്  ആ മതത്തിനോ സമുദായത്തിനോ എങ്ങനെയാണ് ഉന്നമനം ഉണ്ടാകുന്നത്? കെ പി സി സി പ്രസിഡണ്ട്  ഹിന്ദുവാണെങ്കിൽ ഹിന്ദുക്കൾക്ക് പ്രത്യേക കരുതൽ കിട്ടുമോ? മുഖ്യമന്ത്രി ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്ത്യാനികൾക്കു പ്രത്യേക പരിഗണന കിട്ടുമോ? യു  ഡി എഫ് കൺവീനർ മുസ്ലിമാണെങ്കിൽ മുസ്ലീമുകൾക്കു പ്രത്യേക ഗുണങ്ങൾ ഉണ്ടാകുമോ? അങ്ങനെ കിട്ടുന്നുണ്ടെങ്കിൽ ആയത് തുല്യനീതി എന്ന അടിസ്ഥാന തത്വത്തിന് എതിരല്ലേ? മത/ സമുദായ അടിസ്ഥാനത്തിലുള്ള സ്വജനപക്ഷപാതമല്ലേ? എന്തിനേറെ, പരസ്യമായ സത്യപ്രതിജ്ഞാ  ലംഘനമല്ലേ?

നമുക്കെല്ലാം ഓരോ മതമുണ്ട്. നമ്മുടെയെല്ലാം മതപരമായ കാര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. പക്ഷേ, അത് സംരക്ഷിക്കുന്നതോ സംരക്ഷിക്കപ്പെടേണ്ടുന്നതോ ഓരോ പദവിയിലിരിക്കുന്ന അതാതു മതസ്ഥരെകൊണ്ടല്ല. രാജ്യത്തെ ഭരണഘടനയെകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന സുവ്യക്തമായി ഓരോ മത സമുദായ വിഭാഗങ്ങളെയും ഉരുക്കുകോട്ടയിൽ എന്നപോലെ സംരക്ഷിക്കുന്നു. ഭരണകൂടം ഒരു ഭരണഘടനാ സ്ഥാപനമാണ്, മതസ്ഥാപനമല്ല. അതുകൊണ്ടുതന്നെ അതിലിരിക്കുന്നവന്റെ മതം അവന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നാട്ടിൽ നടപ്പാക്കേണ്ടത് നിയമവാഴ്ചയാണ്, ജാതി വാഴ്ചയല്ല. അതുകൊണ്ടുതന്നെ അത് നടപ്പാക്കേണ്ടുന്നവന്റെ ജാതിയും അപ്രസക്തമാണ്. ഈ വസ്തുതകൾ മറിച്ചുവെച്ച് ആരെങ്കിലും ഓരോ സ്ഥാനത്തും പദവിയിലും തങ്ങളുടെ മതസ്ഥർ വേണം എന്ന് വാശിപിടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ  സ്വകാര്യ ആവശ്യമാണ്. വിലപേശാനുള്ള അവസരമൊരുക്കലാണ്. സമർത്ഥമായ  കച്ചവടമാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ചൂഷണമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിയമവാഴ്ചയെ തകർത്ത് മത/ ജാതി വാഴ്ച്ചക്ക്  മേൽകൈ കൊടുക്കലാണ്. Equation എന്ന മതേതരത്വധ്വമസനത്തിലൂടെ കോൺഗ്രസ്സ് ഇപ്പോൾ ചെയ്യുന്നതും അതാണ്. സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ എന്ന പേരിൽ കോൺഗ്രസ്സ് നടത്തുന്ന ഈ equation ക്രമീകരണം മത ജാതി സമുദായ മേലധ്യക്ഷന്മാരെ സുഖിപ്പിക്കാനുള്ള ഏർപ്പാട് മാത്രമാണ്.

കേരളത്തിൽ മൂന്നരക്കോടി  ജനങ്ങളുണ്ട്. അവർക്കെല്ലാം ഓരോ മതവുമുണ്ട്. ഈ ലേഖകൻ ക്രിസ്ത്യാനിയാണ്. വോട്ടറുമാണ്. ഇവിടെ ഇപ്പോൾ നിലനിൽക്കുന്ന മാനദണ്ഡങ്ങളനുസരിച്ച്‌  എന്നെ എണ്ണുന്നത് ‘ക്രിസ്ത്യൻ വോട്ടർ’ എന്നായിരിക്കും.  എന്റ്റെ തലകൂടി എണ്ണി ഏതെങ്കിലും ക്രിസ്ത്യൻ മതമേലധ്യക്ഷൻ വിലപേശുന്നുമുണ്ടായിരിക്കാം. എന്നാൽ, ഞാൻ ഒരു പരിപൂർണ്ണ ക്രിസ്ത്യാനിയാണെന്നിരിക്കെത്തന്നെ ഒരു പരിപൂർണ്ണ ‘വോട്ടർ’ മാത്രവുമാണ്. ക്രിസ്ത്യൻ വോട്ടറല്ല. മതേതരത്വം എന്ന ആശയത്തിൽ അടിയുറച്ചു നിൽക്കുന്ന പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഓരോ പൗരനെയും കാണാൻ സാധിക്കൂ. മുന്നരക്കോടി ജനങ്ങളെയും കോൺഗ്രസ്സ്  കാണുന്നത് ഹിന്ദുവോട്ടർ , മുസ്ലിംവോട്ടർ, ക്രിസ്ത്യൻവോട്ടർ എന്നീ തലകെട്ടുകളിൽ മാത്രമാകുമ്പോഴാണ് പ്രശനം.

തലമുറമാറ്റം എന്ന് പറയുന്നത് ചിന്താഗതിയുടെ  മാറ്റം കൂടിയാണ്. സോഷ്യൽ മീഡിയയുടെ വരവോടുകൂടി പ്രായമായവരിൽപ്പോലും ആ മാറ്റം വന്നിരിക്കുന്നു.  ഈ കാലഘട്ടത്തിൽ  ഒരാളും അയാളുടെ വരണാധികാരത്തെ ആർക്കും തീറെഴുതി കൊടുക്കുന്നില്ല. മതവും ജാതിയുമെല്ലാം ശക്തിയോടെ നിലനിൽക്കുമ്പോഴും, അതിൽ ഉൾപ്പെട്ടവരാണെങ്കിൽകൂടി  അതൊന്നും വകവെക്കാതെ തീരുമാനങ്ങൾ എടുക്കുന്ന  ഒരു ജനസമൂഹം ഇവിടെയുണ്ട് എന്നുള്ളത് പച്ചപരമാര്ഥമാണ്.  അവർ മതേതരത്വത്തിന്റെ വക്താക്കളാണ്.  അവർ സംഘടിതരല്ല എന്ന് മാത്രം. തോൽവികളെ കുറിച്ച് കോൺഗ്രസ്സ് പാർട്ടി പഠിക്കുമ്പോൾ ഒന്നാമത്തെ പാഠം ഇതായിരിക്കണം.

ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ പൊതുജനം അംഗീകരിക്കുന്നത് അവരുടെ മതമോ ജാതിയോ നോക്കിയല്ല, മറിച്ച് സമീപനം നോക്കി മാത്രമാണ്. അക്കാര്യത്തിൽ ഉദാത്ത മാതൃക കാലംചെയ്ത ക്രിസോസ്റ്റം തിരുമേനിയാണ്. അദ്ദേഹം   ഒരു മതത്തിന്റെ  അംഗം മാത്രമായിരുന്നില്ല. മതമേലധ്യക്ഷൻ തന്നെ ആയിരുന്നു. എന്നിട്ടും, നാനാജാതിമതസ്ഥരും അദ്ദേഹത്തെ  മറയില്ലാതെ അംഗീകരിക്കുന്നു. മതസ്ഥനായിരിക്കുമ്പോഴും മതേതരത്വം എങ്ങനെ മുറുകെപ്പിടിക്കാം എന്ന് അദ്ദേഹം കാണിച്ചുതന്നു. അത് പ്രായോഗികമാണെന്ന് ബോധ്യപ്പെടുത്തി തന്നു.  സംസാരത്തിലോ പ്രവർത്തിയിലോ ഇടപ്പെടലിലോ അദ്ദേഹം ഒരിക്കലും സാമുദായിക സന്തുലനാവസ്ഥയെക്കുറിച്ച്  ഭാരപ്പെട്ടിരുന്നില്ല. Equation എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

ചിന്തിക്കാവുന്ന കാര്യങ്ങളിൽ ഏറ്റവും ഒടുവിലായി നടന്ന കാര്യം പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടാണ്. തങ്ങളുടെ മതത്തിനും സമുദായത്തിനും പങ്കാളിത്തം വേണമെന്ന് എത്ര മതമേലധ്യക്ഷന്മാർ/ സാമുദായിക നേതാക്കൻമാർ സി പി എം നോട് ആവശ്യപ്പെട്ടു? എന്തേ, മതത്തെ സംരെക്ഷിക്കേണ്ടേ? സമുദായത്തിന് ഉന്നമനം വേണ്ടേ? കേരളത്തിൽ സാമുദായിക സന്തുലനാവസ്ഥ നിലനിർത്തണ്ടേ? കോൺഗ്രസ്സിന്  പഠിക്കാനുള്ള മറ്റൊരു പാഠംകൂടി.

നിലനിൽപ്പിനും പുനർജീവനത്തിനും ഒരുങ്ങുന്ന കോണ്ഗ്രസ്സ് പാർട്ടി ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴിവും അംഗീകാരവുമുള്ള നേതാക്കന്മാരെ മതസമുദായത്തിനതീതമായി പരിഗണിക്കുക. ഒപ്പം  ഒരു മുദ്രാവാക്യവും-  ‘Equation അറബിക്കടലിൽ’.

(Arun Kumar v r)

അഡ്വ. ജോജി ജോർജ്ജ് ജേക്കബ്

ലേഖകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്

 JOJI GEORGE JACOB

ADVOCATE, HIGH COURT OF KERALA

You may also like

Leave a Comment

You cannot copy content of this page