കോവിഡ്.19: ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക ; ഉറപ്പാക്കണം രണ്ടുപേരുടെയും സുരക്ഷ

by admin

post

ആലപ്പുഴ: കോവിഡ്.19 രോഗം ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ ജാഗ്രത കാട്ടണം. ഗര്‍ഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത്  കുടുംബാഗങ്ങളുടെ ഉത്തരവാദിത്തമാണ്.  രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ശ്രദ്ധ ഗര്‍ഭിണിയും 

കാട്ടണമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചു. ഗര്‍ഭിണികള്‍ വീടിനുള്ളില്‍ തന്നെ കഴിയുക , അയല്‍ വീടുകളിലും ബന്ധുവീടുകളിലും പോകരുത്,  വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക, ഗര്‍ഭകാല ചടങ്ങുകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കുക, ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗര്‍ഭിണിക്ക് മാത്രമായി ഉപയോഗിക്കാന്‍ നല്‍കുക, പൊതുശുചിമുറിയാണെങ്കില്‍ മറ്റുള്ളവര്‍ ഉപയോഗശേഷം അണുവിമുക്തമാക്കുക, ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും  പുറത്തുപോയി വരുന്നവര്‍ കുളിച്ചശേഷം മാത്രം വീടിനുള്ളില്‍ കയറുക, ഗര്‍ഭിണിയോട് അടുത്തിടപഴകാതിരിക്കുക, ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക  ശ്രദ്ധ വേണം.  ഗര്‍ഭിണി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്, പോഷാകാഹാരം കഴിക്കുക, ധാരളം വെള്ളം കുടിക്കുക., പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക, 5 മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറില്‍ മൂന്ന് ചലനങ്ങളെങ്കിലുമുണ്ടോയെന്ന് ശ്രദ്ധിക്കുക, രക്തസ്രാവം, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള അവശ്യസാഹചര്യങ്ങളില്‍ മാത്രം ആശുപത്രിയില്‍ പോവുക,  ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക, മാനസികോല്ലാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക,  പനി, ചുമ തുടങ്ങി ലക്ഷണങ്ങളെ ജലദോഷം എന്ന മട്ടില്‍ ലഘൂകരിച്ച് കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കുക എന്നിവ കര്‍ശനമായി പാലിക്കണം.

You may also like

Leave a Comment

You cannot copy content of this page